ഒട്ടാവ (കാനഡ): കനേഡിയൻ പൗരന്മാർക്കെതിരെ രാജ്യത്തിനകത്ത് നടക്കുന്ന ക്രിമിനൽ പ്രവൃത്തികളെ ഇന്ത്യ പിന്തുണക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ മൗലികമായ തെറ്റ് ചെയ്തെന്ന് ആരോപിച്ച ട്രൂഡോ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ ഭാവി സംബന്ധിച്ച് ഈ വാരാന്ത്യം സിംഗപ്പൂരിൽ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകുമെന്നും വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
“കനേഡിയൻ പൗരന്മാർക്കെതിരെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇടപെടാമെന്നും പിന്തുണക്കാമെന്നും കരുതിയതിലൂടെ ഇന്ത്യൻ സർക്കാർ മൗലികമായ തെറ്റാണ് ചെയ്തത്. കാനഡയിൽ കൊലപാതകമോ പിടിച്ചുപറിയോ എന്തുതന്നെ ആയാലും, അതിനെ പിന്തുണക്കാനുള്ള ഇന്ത്യയുടെ നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ല.സിംഗപ്പൂരിൽ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച എത്ര പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദിയോട് ഞാൻ സംസാരിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയെ വളരെ ഗൗരവത്തിൽ എടുക്കണമെന്ന് അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നയതന്ത്ര പോരാട്ടത്തോട് ഞങ്ങൾക്ക് താൽപര്യമില്ല, പക്ഷേ, കനേഡിയൻ മണ്ണിൽ ഇവിടുത്തെ പൗരൻ കൊല്ലപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല” -ട്രൂഡോ വ്യക്തമാക്കി.
ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ആരോപിച്ചു. കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ അധികൃതരുമായി സഹകരിക്കാൻ കനേഡിയൻ അധികൃതർ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും ട്രൂഡോ പറഞ്ഞു.
ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചതായി കനേഡിയൻ പൊലീസും വ്യക്തമാക്കിയിരുന്നു. ‘‘പൊതു സുരക്ഷക്ക് ഭീഷണിയായ കാര്യങ്ങളിൽ ഇന്ത്യൻ ഏജന്റുമാർ ഇടപെടുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വ്യക്തമാക്കി. ഇതിൽ രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ, കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങളിൽ ഒരുമിച്ച് അന്വേഷണം നടത്താൻ കനേഡിയൻ ഏജൻസികൾ തയാറായെങ്കിലും ഇന്ത്യൻ സർക്കാരും ഏജൻസികളും സഹകരിച്ചില്ല. ഇതു കാരണമാണ് തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയത്’’– ട്രൂഡോ പറഞ്ഞു.
കാനഡയും ഇന്ത്യയുമായുള്ള ദീർഘകാലബന്ധം ഓർമപ്പെടുത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നതായും കാനഡയും അതേരീതി പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ഹൈകമീഷണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിച്ചു. ആറ് കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.