കാബൂൾ: അഫ്ഗാനിസ്താന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകി ഇന്ത്യ. ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനാണ് ഇന്ത്യ അഫ്ഗാന് കൈമാറിയത്. വിദേശകാര്യമന്ത്രാലയമാണ് അഫ്ഗാന് വാക്സിൻ നൽകിയ വിവരം അറിയിച്ചത്. രാജ്യത്തിനുള്ള മനുഷത്വപരമായ സഹായങ്ങൾ ഇനിയും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കാണ് സഹായം കൈമാറിയത്. വരും ആഴ്ചകളിൽ അഞ്ച് ലക്ഷം ഡോസ് വാക്സിൻ കൂടി ഇന്ത്യ നൽകും. ഭക്ഷ്യധാന്യങ്ങൾ, 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ, മരുന്നുകൾ എന്നിവ അഫ്ഗാന് നൽകുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. നേരത്തെ 1.6 ടൺ മരുന്ന് ലോകാരോഗ്യ സംഘടന വഴി ഇന്ത്യ അഫ്ഗാന് കൈമാറിയിരുന്നു.
വരുന്ന ആഴ്ചകളിൽ ഗോതമ്പും ശേഷിക്കുന്ന മരുന്നുകളും അഫ്ഗാന് കൈമാറും. ഇതിനായി യു.എൻ ഏജൻസികളുമായി നിരന്തര ചർച്ച നടത്തുന്നുണ്ട്. അവരുമായുള്ള ചർച്ചക്ക് ശേഷമാവും സഹായം ഏത് രീതിയിൽ കൈമാറണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 15ന് അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് ശേഷം രാജ്യത്തിനുള്ള വിദേശസഹായങ്ങളിൽ വലിയ രീതിയിലുള്ള കുറവ് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.