ഒട്ടാവ: സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ അന്വേഷണം കാനഡ അട്ടിമറിച്ചുവെന്ന് ഇന്ത്യൻ ഹൈ കമീഷണർ സഞ്ജയ് വർമ്മ. കനേഡിയൻ ഉന്നത ഉദ്യോഗസ്ഥന്റെ പ്രസ്താവനകളാണ് അന്വേഷണം അട്ടിമറിക്കുന്നതിന് ഇടയാക്കിയതെന്ന് സഞ്ജയ് വർമ്മ പറഞ്ഞു. ശനിയാഴ്ച പുറത്ത് വന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടക്കത്തിൽ തന്നെ കളങ്കപ്പെട്ടുവെന്ന് വർമ്മ പറഞ്ഞു. ഇന്ത്യയാണ് ഇതിന് പിന്നിലെന്ന് പറയാൻ അന്വേഷണ സംഘത്തിനുമേൽ ഉന്നതതല സമ്മർദ്ദമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
ഇന്ത്യൻ ഏജന്റുമാർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നത് തെളിയിക്കുന്ന ഒരു തെളിവും കൈമാറാൻ കാനഡക്ക് കഴിഞ്ഞിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടയിലും കാനഡയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ട് പോകാൻ ഇന്ത്യക്ക് താൽപര്യമുണ്ടെന്നും സഞ്ജയ് വർമ്മ പറഞ്ഞു.
നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തലാണ് ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തിയിരുന്നു. ആരോപണത്തിനു പിന്നാലെ രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.
ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്. സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ വെടിയേറ്റ് അതിഗുരുതരാവസ്ഥയിൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല.
ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവുമായിരുന്നു. കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.