വാഷിങ്ടൺ: മുതിർന്ന പൗരന്മാരെ തട്ടിപ്പിനിരയാക്കുന്ന 24 കാരനായ ഇന്ത്യൻ പൗരൻ അമേരിക്കയിലെ വിർജീനിയയിൽ പിടിയിലായി. രാജ്യവ്യാപകമായി നടന്ന തട്ടിപ്പിനെ തുടർന്ന് യു.എസ് ഫെഡറൽ നിയമ എൻഫോഴ്സ്മെന്റ് ഏജൻസിയാണ് അനിരുദ്ധ കാൽകോട്ട എന്നയാളെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഹൂസ്റ്റണിൽ അനധികൃതമായി താമസിക്കുന്ന മുഹമ്മദ് ആസാദ് എന്നയാളുടെ പേരിലും കുറ്റപത്രം നൽകിയിട്ടുണ്ട്. സമാനമായ കേസിൽ പിടിയിലായ മുഹമ്മദ് ഹസീബ്, സുമിത് കുമാർ സിങ്, ഹിമാൻഷു കുമാർ എന്നിവർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. എല്ലാവരും ഹൂസ്റ്റണിലെ അനധികൃത താമസക്കാരാണ്.
കമ്പ്യൂട്ടർ സാങ്കേതിക സേവന ദാതാക്കൾ എന്ന രീതിയിൽ വെബ്സൈറ്റുകളിലും മറ്റും പരിചയപ്പെടുത്തുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് സഹായത്തിനായി ഇവരെ ബന്ധപ്പെടുന്നവരുടെ കമ്പ്യൂട്ടറുകളിൽ വിദൂര നിയന്ത്രണം സാധ്യമാവുന്ന സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യിച്ച് നിയന്ത്രണം ഏറ്റെടുക്കുകയും കെണിയിൽ വീഴുന്നവരുടെ വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും തട്ടിയെടുക്കുകയും ചെയ്യും. തുടർന്ന് ഭീഷണിയിലൂടെയും മറ്റും പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി. മുതിർന്നവരാണ് അധികവും തട്ടിപ്പിന്നിരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.