ഫലസ്തീൻ അനുകൂല പ്രതിഷേധം; ഇന്ത്യൻ വംശജയായ വിദ്യാർഥിനി യു.എസിൽ അറസ്റ്റിൽ

വാഷിങ്ടൺ: ഫലസ്തീൻ അനുകൂലിച്ച് പ്രതിഷേധം നടത്തിയതിന് ഇന്ത്യൻ വംശജയായ വിദ്യാർഥിനി യു.എസിൽ അറസ്റ്റിൽ. തമിഴ്നാട്ടിൽ ജനിച്ച അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്. യു.എസിലെ പ്രിൻ​സ്റ്റൺ യൂനിവേഴ്സിറ്റിൽ പ്രതിഷേധം നടത്തിയതിനാണ് കോയമ്പത്തൂർ സ്വദേശിയായ ശിവലിംഗം അറസ്റ്റിലായത്. ഗസ്സയിൽ ഉൾപ്പടെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ യു.എസി​ലെ വിവിധ യൂനിവേഴ്സിറ്റികളിൽ വലിയ പ്രതിഷേധമാണ് അ​രങ്ങേറുന്നത്.

ശിവലിംഗത്തിനൊപ്പം ഹസൻ സയീദ് എന്ന വിദ്യാർഥി കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രീസ്റ്റൺ അലുമിനി വീക്ക്ലിയാണ് അറസ്റ്റ് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച യൂനിവേഴ്സിറ്റിയുടെ മുറ്റത്ത് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ടെന്റ് കെട്ടുകയായിരുന്ന പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്തതെന്നും വീക്ക്ലി റിപ്പോർട്ട് ചെയ്യുന്നു.

വിദ്യാർഥികളെ അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ യൂനിവേഴ്സിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആദ്യഘട്ടത്തിൽ 110 പേരാണ് പ്രതിഷേധത്തിനുണ്ടായിരുന്നതെങ്കിൽ പിന്നീട് പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.

അറസ്റ്റ് സ്ഥിരീകരിച്ച് യൂനിവേഴ്സിറ്റി വക്താവ് ജെന്നിഫർ മോറിലും രംഗത്തെത്തി. രണ്ട് ബിരുദ വിദ്യാർഥികളാണ് അറസ്റ്റിലായതെന്നും യൂനിവേഴ്സിറ്റിയുടെ തുടർച്ചയായ മുന്നറിയിപ്പുകൾ കേൾക്കാൻ ഇവർ തയാറായില്ലെന്നും വക്താവ് പറഞ്ഞു. ഇരുവരേയും കാമ്പസിൽ നിന്നും വിലക്കിയിട്ടുണ്ട്. അച്ചടക്ക നടപടി സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകുമെന്നും യൂനിവേഴ്സിറ്റി വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം, തങ്ങളുടെ സുരക്ഷയും മറ്റ് നേട്ടങ്ങളും പരിഗണിക്കാതെ വലിയ രീതിയിലുള്ള അക്രങ്ങൾക്കിരയാകുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള വിദ്യാർഥികളുടെ സമരത്തിന് താൻ പിന്തുണയറിയിക്കുകയാണെന്ന് യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം ​അസോസിയേറ്റ് പ്രൊഫസർ മാക്സ് വെയിസ്സ് പറഞ്ഞു.

Tags:    
News Summary - Indian student arrested, banned from US university over pro-Palestine protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.