ജക്കാർത്ത: ജാവ കടലിലുടനീളം ഒഴുകിനടക്കുന്നതിപ്പോൾ മനുഷ്യ ശരീര ഭാഗങ്ങളും വസ്ത്രങ്ങളും വിമാനാവശിഷ്ടങ്ങളുമാണ്. ഒരു വലിയ ദുരന്തത്തിെൻറ കദനഭാരം നിറയും സ്മൃതികളിൽനിന്ന് ഇനിയും കരകയറി തുടങ്ങിയിട്ടില്ലാത്ത നാടിന് ഇരട്ട ദുഃഖമായെത്തിയ മറ്റൊരു വിമാനദുരന്തത്തിെൻറ നേർചിത്രം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയെ.
ശനിയാഴ്ച ജക്കാർത്ത വിമാനത്താവളത്തിൽനിന്ന് സമീപ നഗരം ലക്ഷ്യമിട്ട് പറന്നുയർന്ന ്ശ്രീവിജയ എയർ കമ്പനിയുടെ ബോയിങ് 737-500 വിമാനമാണ് മിനിറ്റുകൾക്കിടെ തീഗോളമായി കടലിൽ പതിച്ചത്. സോനാർ ഉപകരണം ഉപയോഗിച്ചുള്ള തെരച്ചിലിൽ വിമാനത്തിൽനിന്നുള്ള സിഗ്നലുകൾ കടലിനടിയിൽ നിന്ന് ലഭിച്ചത് നേരിയ പ്രതീക്ഷ പകർന്നെങ്കിലും പിന്നീട് കണ്ടെത്തിയതെല്ലാം ഇന്തോനേഷ്യൻ ജനതയുടെ കണ്ണ് നിറക്കുന്നതായിരുന്നു.
തിരക്കിട്ട തിരച്ചിൽ ഒരു ദിവസമായി തുടരുേമ്പാഴും ശനിയാഴ്ച ഉച്ചയോടെ ദുരന്തം വരുത്തിയത് എന്താണെന്ന് കണ്ടെത്താൻ ഇതുവരെയായിട്ടില്ല. ദുരന്ത സമയം ആകാശത്ത് ഒരു വൻസ്ഫോടന ശബ്ദം കേട്ടതായി വടക്കൻ ജക്കാർത്തക്കു സമീപമുള്ള 'ആയിരം ദ്വീപുകളി'ൽ ആസമയമുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികൾ അറിയിച്ചിരുന്നു. തൊട്ടുപിറകെ കടലിൽ വൻ തിരമാല കൂടി ആഞ്ഞടിച്ചതോടെ സൂനാമിയോ ബോംബ് സ്ഫോടനമോ ആകാമെന്ന് കരുതി ഭയന്നുപോയവർ പിന്നെ കേൾക്കുന്നത് വിമാന ദുരന്തത്തെ കുറിച്ചാണ്. കനത്ത മഴയും മോശം കാലാവസ്ഥയുമായിരുന്നു അപ്പോൾ. വൈകാതെ കടലിലൊഴുകിയെത്തിയ വിമാനാവശിഷ്ടങ്ങളും ഇന്ധനവും കണ്ടു. യാത്രക്കാരുടെതെന്ന് കരുതുന്ന വസ്ത്രങ്ങളും പരന്നുകിടക്കുന്നുണ്ട്.
ഒരു വർഷത്തിലേറെ മുമ്പ് സമാനമായി നടന്ന മറ്റൊരു ബോയിങ് വിമാനത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടത് വിമാനം നിർമിച്ച അമേരിക്കൻ കമ്പനി തന്നെയായിരുന്നുവെന്ന് അടുത്തിടെ യു.എസ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വൻതുക കമ്പനിക്ക് പിഴയും കിട്ടി. അതേ കമ്പനിയുടെ വിമാനം തന്നെയാണ് ഇത്തവണയും അപകടത്തിൽ പെട്ടതെങ്കിലും 25 വർഷം പഴക്കമുള്ളതായത് തത്കാലം ബോയിങ്ങിന് രക്ഷയാകും.
ഒരു മണിക്കൂർ വൈകിയാണ് ശനിയാഴ്ച വിമാനം പറന്നുയർന്നത്. 29,000 അടി ഉയരത്തിലേക്ക് പറന്ന് കയറുകയാണെന്ന് വൈമാനികൻ അറിയിച്ച് നിമിഷങ്ങൾക്കകം എല്ലാം സമഭവിച്ചു. 10,000 അടി ഉയരത്തിലായിരുന്നു ദുരന്ത സമയത്ത് വിമാനമെന്നാണ് ഒടുവിലെ സൂചനകൾ.
മൂന്ന് കുരുന്നുകളും ഏഴ് മുതിർന്ന കുട്ടികളുമുൾപെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ ഒരു വിമാനക്കമ്പനി ഉപയോഗിച്ച വിമാനം അടുത്തിടെ സ്വന്തമാക്കിയതാണെന്നും പരിശോധനകൾ പൂർത്തിയാക്കി യാത്രക്ക് യോഗ്യമെന്ന് ഉറപ്പുവരുത്തിയതാണെന്നും ശ്രീവിജയ എയർ പ്രസിഡൻറ് ജെഫേഴ്സൺ ജൊവേന പറഞ്ഞു. 2018 ഒക്ടോബറിലാണ് ബോയിങ് കമ്പനിയുടെ 737 മാക്സ് വിമാനം 189 പേരുമായി തകർന്നുവീണത്. അഞ്ചു മാസംകഴിഞ്ഞ് സമാന വിമാനം എത്യോപ്യയിൽ തകർന്നുവീണും നിരവധി പേർ ദുരന്തത്തിനിരയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.