ദുബൈ: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തിന് ആറു ദിവസത്തിന് ശേഷം തിരിച്ചടിച്ച് ഇസ്രായേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലായിരുന്നു ഇസ്രായേൽ ആക്രമണം. എന്നാൽ, വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മൂന്ന് ഡ്രോണുകൾ തകർത്തതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു ആക്രമണം. എന്നാൽ, ഇതേക്കുറിച്ച് ഇസ്രായേലും ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രാേയൽ ആക്രമണം നടത്തിയതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ തിരിച്ചടിക്കില്ലെന്നും ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ആക്രമണം ലഘൂകരിച്ച് കാണിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം, ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് അവസാന നിമിഷം വിവരം ലഭിച്ചിരുന്നുവെന്ന് ഇറ്റലി വിദേശകാര്യ മന്ത്രി അന്റോണിയോ ടജനി പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ തെഹ്റാൻ, ഇസ്ഫഹാൻ, ഷിറാസ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകൾ ഇറാൻ നിർത്തിവെച്ചുവെങ്കിലും മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചു. ഇസ്ഫഹാൻ നഗരത്തിന് സമീപത്തെ ആണവ കേന്ദ്രത്തിനോ സൈനിക നിലയത്തിനോ കേടുപാടുകൾ സംഭവിച്ചിെല്ലന്നും ഇറാൻ ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തെക്കൻ സിറിയയിൽ നാശനഷ്ടമുണ്ടായി.
ഇറാന്റെ ആണവകേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു.
ഇസ്ഫഹാനിലെ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു. മേഖലയിൽ സംഘർഷമുണ്ടാവരുതെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം, സംഘർഷമുണ്ടായേക്കുമെന്ന ഭീതിയിൽ എണ്ണവില വർധിച്ചു. കൂടുതൽ സംഘർഷമുണ്ടാകുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇറ്റലിയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 13ന് പുലർച്ചയാണ് ഇറാൻ 300ഓളം ഡ്രോണുകളും മിസൈലുകളുമായി ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നിവിടങ്ങളിൽനിന്ന് ഒരേ സമയത്തായിരുന്നു ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചത്. ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി ആക്രമിച്ചതിന് പ്രതികാരം പൂർത്തിയായെന്നും ഇനി ഇസ്രായേൽ തിരിച്ചടിച്ചാൽ മാത്രമേ ആക്രമണമുണ്ടാവുകയുള്ളൂവെന്നും ഇറാൻ അറിയിച്ചിരുന്നു.
ഇസ്രാേയലിലേക്ക് ആദ്യമായിട്ടായിരുന്നു ഇറാൻ ആക്രമണം. എംബസി ആക്രമണത്തിൽ രണ്ട് ഇറാൻ ജനറൽമാരും അഞ്ച് സൈനിക ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.