ഇറാൻ നഗരമായ തബ്രിസിൽ പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് അന്ത്യയാത്ര നൽകുന്ന നാട്ടുകാർ

ഉപരോധത്തിൽ മുനയൊടിഞ്ഞ് ഇറാൻ വ്യോമയാനം; ഉപയോഗിക്കുന്നത് ഏറെ പഴക്കമുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും

ടെഹ്റാൻ: 1979ലെ വിപ്ലവത്തിനു പിന്നാലെ ഇറാന് പുതിയ വിമാനങ്ങളും വിമാന ഘടകങ്ങളും നൽകുന്നത് യു.എസും യൂറോപ്യൻ രാജ്യങ്ങളും നിർത്തിവെച്ചത് ശരിക്കും തളർത്തിയത് രാജ്യത്തിന്റെ ആകാശയാത്രകളെ. ബോയിങ്, എയർബസ് കമ്പനികളാണ് യാത്രാവിമാന നിർമാതാക്കളെന്നതിനാൽ ഇരുവരിൽനിന്നും ഇറാനിലേക്ക് ഒരു വിമാനവും പിന്നെ എത്തിയില്ല. ലോകത്തെ ഏറ്റവും പഴക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്ന രാജ്യമാണ് ഇറാൻ.

ശരാശരി 25 വയസ്സും അതിൽ കൂടുതലുമാണ് ഓരോ വിമാനത്തിനും. എന്നേ സർവീസിൽനിന്ന് വിരമിച്ച മോഡലുകളാണ് ആഭ്യന്തര സർവീസുകൾക്ക് രാജ്യം ഉപയോഗിച്ചുപോരുന്നത്. മക്ഡണൽ ഡഗ്ലസ് എം.ഡി-83, എയർബസ് എ300, എ310 തുടങ്ങിയവ. പ്രസിഡന്റിന്റെ ജീവനെടുത്ത ഹെലികോപ്റ്റർ 1998നു ശേഷം ഉൽപാദിപ്പിക്കപ്പെട്ടിട്ടില്ല. ഇറാൻ ഹെലികോപ്റ്ററുകൾ നവീകരിക്കാൻ 2015ൽ ജർമനി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടന്നില്ല. രാജ്യത്തെ എഞ്ചിനിയർമാരുടെ മിടുക്കാണ് ഇവ ഇപ്പോഴും പറക്കാൻ സഹായിക്കുന്നതെന്ന് മാത്രം.

റഷ്യയുമായും ചൈനയുമായും അടുത്ത ബന്ധം സൂക്ഷിക്കുമ്പോഴും വ്യോമ ഗതാഗത രംഗത്ത് കാര്യമായ സഹകരണമുണ്ടാകുന്നില്ലെന്നതാണ് ചിത്രം കൂടുതൽ മോശമാക്കുന്നത്. ഇറാനുമേൽ യു.എസ് തുടരുന്ന ഉപരോധമാണ് ദുരന്തത്തിന് കാരണമെന്ന് മുൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചിരുന്നു.

വൻ സ്ഫോടനം; അഗ്നി വിഴുങ്ങി പ്രതീക്ഷകൾ

ടെഹ്റാൻ: അവസാനിക്കാത്ത പ്രതീക്ഷയുടെ നാമ്പുമായി ജുൽഫയിലെ ദുരന്തസ്ഥലത്ത് എത്തുമ്പോൾ ആദ്യ കാഴ്ച തന്നെ എല്ലാം അവസാനിപ്പിച്ചുകളഞ്ഞെന്ന് രക്ഷാസംഘങ്ങളുടെ വെളിപ്പെടുത്തൽ. പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാന്റെയും മൃതദേഹങ്ങൾ അടുത്തടുത്താണ് കിടന്നിരുന്നത്. 15 മണിക്കൂറെടുത്ത രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു തകർന്ന ഹെലികോപ്റ്ററിനരികെ എത്തിയത്. രാത്രി കാഴ്ച സൗകര്യമുള്ള തുർക്കിയ ഡ്രോൺ നൽകിയ സൂചനകൾ പ്രകാരമായിരുന്നു രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയതും ഞൊടിയിടയിൽ നടപടികൾ പൂർത്തിയാക്കിയതും. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

Tags:    
News Summary - Iran aviation affects Sanctions; The helicopter is 45 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.