തെഹ്റാൻ: ജോർഡനിലെ യു.എസ് സൈനികതാവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ. യു.എസ് സൈന്യവും മേഖലയിലെ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളും തമ്മിൽ സംഘർഷമുണ്ടെന്നും പ്രത്യാക്രമണത്തിലേക്ക് നയിച്ചത് ഇതാണെന്നും ഇറാൻ പറഞ്ഞു. തങ്ങൾക്കെതിരായ യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകൾ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാൻ പ്രതികരിച്ചു.
വടക്കുകിഴക്കൻ ജോർഡനിൽ സിറിയൻ അതിർത്തിക്ക് സമീപത്തെ യു.എസ് ബേസിലാണ് ഇന്നലെ ഡ്രോൺ ആക്രമണമുണ്ടായത്. മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും 30ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രസ്താവിച്ചിരുന്നു. സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മേഖലയിൽ യു.എസ് സൈനികർ കൊല്ലപ്പെടുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. സൈനിക ബാരക്കിന് നേരെ അതിരാവിലെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നും അതാണ് ആഘാതം വർധിക്കാനിടയാക്കിയതെന്നും യു.എസ് അധികൃതർ സൂചിപ്പിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.