സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപിച്ചയാൾക്ക് കൃഷിയിടം പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന

നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപിച്ച യുവാവിന് 1000 ചതുരശ്ര മീറ്റർ കൃഷിയിടം പാരിതോഷികമായി പ്രഖ്യാപിച്ച് ഇറാനിയൻ സംഘടന. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കുകയും ഒരു കൈ പ്രവർത്തനരഹിതമാക്കുകയും ചെയ്ത അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങൾ ആത്മാർഥമായി നന്ദി പറയുന്നെന്ന് സംഘടന സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിൽ ന്യൂയോർക്ക് നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഷുറ്റോക്വാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ പ്രഭാഷണത്തിനിടെയാണ് ന്യൂ ജഴ്സിയിൽനിന്നുള്ള ഹാദി മറ്റാർ എന്ന 24കാരൻ റുഷ്ദിയെ ആക്രമിച്ചത്. റുഷ്ദി ഇരിക്കുന്ന വേ​ദി​യി​ലേ​ക്ക് ചാടിക്കയറിയ അക്രമി തുടരെ കു​ത്തു​ക​യാ​യി​രു​ന്നു. ഗുരുതര പരിക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു.

‘‘റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടമാക്കിയും ഒരു കൈ പ്രവർത്തനരഹിതമാക്കിയും ചെയ്ത അമേരിക്കൻ യുവാവിന്റെ ധീരമായ നടപടിക്ക് ഞങ്ങൾ ആത്മാർഥമായി നന്ദി പറയുന്നു. റുഷ്ദി ഇപ്പോൾ മരിച്ച​ പോലെയാണ് ജീവിക്കുന്നത്. ഈ ധീരമായ നടപടിക്ക് പകരമായി അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പ്രതിനിധികൾക്കോ 1000 ചതുരശ്ര മീറ്റർ കൃഷിഭൂമി പാരിതോഷികമായി നൽകും’’, ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സറേയ് പറഞ്ഞു.

1947 ജൂൺ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1981ൽ പുറത്തിറങ്ങിയ 'മിഡ്നൈറ്റ്സ് ചിൽഡ്രൺ' എന്ന നോവലിലൂടെയാണ് പ്രശസ്തനായത്. ഈ നോവലിന് ബുക്കർ സമ്മാനം ലഭിച്ചു. ​1988ൽ പ്രസിദ്ധീകരിച്ച നാലാമത്തെ നോവലായ ‘ദ സാത്താനിക് വേഴ്‌സസാ’ണ് റുഷ്ദിയുടെ വിവാദ കൃതി. പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയടക്കം പലരാജ്യങ്ങളും നിരോധിച്ച പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിച്ചശേഷം അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. തുടർച്ചയായി വധഭീഷണി ഉയർന്നു. മ​ത​നി​ന്ദ ആ​രോ​പി​ച്ച് പു​സ്ത​കം നി​രോ​ധി​ച്ച ഇ​റാ​ന്റെ ആ​ത്മീ​യ നേ​താ​വ് ആ​യ​ത്തു​ല്ല ഖു​മേ​നി റു​ഷ്ദി​യെ വധിക്കുന്നവർക്ക് 30 ല​ക്ഷം ഡോ​ള​ർ ഇനാം പ്ര​ഖ്യാ​പി​ച്ചിരുന്നു. 

Tags:    
News Summary - Iranian organization announces farm reward for Salman Rushdie stabber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.