തെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർലമെന്റംഗം മസൂദ് പെസഷ്കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാൻ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്കിയാന് 16.3 മില്യൺവോട്ടുകൾ ലഭിച്ചപ്പോൾ ജലിലിക്ക് 13.5 മില്യൺവോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ജൂൺ 28ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
ഇറാനിലെ നിയമപ്രകാരം 50 ശതമാനത്തിലേറെ വോട്ടുകൾ നേടുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ മുന്നിലെത്തിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കും. ഇറാന്റെ ചരിത്രത്തിൽ 2005ൽ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറുപേർക്കാണ് ഗാർഡിയൻ കൗൺസിൽ മത്സരിക്കാൻ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.