ഇ​സ്മാ​ഈ​ൽ ഹ​നി​യ്യ ഗസ്സയുടെ രാഷ്ട്രതന്ത്രജ്ഞൻ

ഗസ്സ സിറ്റി: അഭയാർഥി ക്യാമ്പിൽ തുടങ്ങി ഹമാസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ ഗസ്സയുടെയും ഒപ്പം മേഖലയുടെ മൊത്തത്തിലും ഭൗമരാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായി വളർന്ന വ്യക്തിത്വമായിരുന്നു ഇസ്മാഈൽ ഹനിയ്യ. ഹമാസിന്റെ രാഷ്ട്രീയം മാത്രമല്ല, നയതന്ത്രവും അദ്ദേഹം കൈകാര്യം ചെയ്തു. ഇസ്രായേൽ അധിനിവേശം ഗസ്സയെ മരണമുനമ്പാക്കി മാറ്റിയ കഴിഞ്ഞ മാസങ്ങളിൽ ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവയുടെ കാർമികത്വത്തിൽ തുടർന്നുപോന്ന മധ്യസ്ഥ ചർച്ചകളിലെ അവിഭാജ്യ ഘടകമായി അദ്ദേഹത്തെ ലോകം ഉറ്റുനോക്കി. ഈജിപ്തിലടക്കം നടന്ന ചർച്ചകളിൽ ഹനിയ്യയും പങ്കെടുത്തു. അധിനിവേശത്തിനെതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചപ്പോഴും മിതവാദ സമീപനത്തിന്റെ പേരിൽ ലോകം അദ്ദേഹത്തെ ആദരിച്ചു.

1962ൽ വടക്കൻ ഗസ്സയിലെ ശാത്വി അഭയാർഥി ക്യാമ്പിലാണ് ജനനം. ഇപ്പോൾ ഇസ്രായേലിന്റെ ഭാഗമായ അസ്ഖലാൻ അഥവാ അഷ്‍കലോണിലെ ജുറ ഗ്രാമത്തിൽനിന്ന് 1948ൽ കുടിയിറക്കപ്പെട്ട് ഗസ്സയിലെത്തിയവരായിരുന്നു മാതാപിതാക്കൾ. യു.എൻ അഭയാർഥി ഏജൻസിക്ക് കീഴിലെ വിദ്യാലയത്തിൽ പ്രാഥമിക പഠനം. തുടർന്ന് ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിൽ അറബിക് സാഹിത്യത്തിൽ തുടർപഠനം. 1987ൽ ഒന്നാം ഫലസ്തീൻ ഇൻതിഫാദ കാലത്ത് ഹമാസിന്റെ തുടക്കം മുതൽ അതിന്റെ ഭാഗമായി. ഹമാസ് പ്രവർത്തനത്തിന്റെ പേരിൽ 1989ൽ ജയിലിലടക്കപ്പെട്ട് മൂന്നുവർഷം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം ലബനാനിലേക്ക് നാടുകടത്തി. 1993ൽ ഓസ്ലോ കരാറിന് പിറകെ ഗസ്സയിൽ തിരിച്ചെത്തി.

ഹമാസ് സ്ഥാപകൻ ശൈഖ് അഹ്മദ് യാസീന്റെ പേഴ്സണൽ സെക്രട്ടറി പദവി വഹിച്ച്, അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ വളർന്ന ഹനിയ്യ അതിവേഗമാണ് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നത്. ഹമാസ് സ്ഥാപിതമായ അന്നുമുതൽ സംഘടനയുടെ നേതൃപദവിയിലുണ്ട്. 2003ൽ ഇരുവരെയും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. തൊട്ടടുത്ത വർഷം അഹ്മദ് യാസീൻ വധിക്കപ്പെട്ടു. 2006ൽ സംഘടനയുടെ തലപ്പത്തെത്തി. അതേവർഷം, മറ്റു കക്ഷികൾക്കൊപ്പം ചേർന്ന് ഫലസ്തീൻ ഐക്യ സർക്കാറിന്റെ ഇടക്കാല പ്രധാനമന്ത്രിയായി. തൊട്ടടുത്ത വർഷം ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇടപെട്ട് ഹനിയ്യ സർക്കാറിനെ പിരിച്ചുവിട്ടു. അതോടെ, വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള ഫത്ഹ് സർക്കാറിൽനിന്ന് സ്വതന്ത്രമായി ഗസ്സയുടെ ഭരണാധികാരിയായി 2019വരെ തുടർന്നു.

2017മുതൽ സംഘടനയുടെ രാഷ്ട്രീയകാര്യ മേധാവി കൂടിയായ അദ്ദേഹം ഗസ്സയുടെ ഭരണമൊഴിഞ്ഞ ശേഷം വിദേശത്തേക്ക് മാറി. രണ്ടു പതിറ്റാണ്ടിലേറെ ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞതിനൊടുവിൽ ബന്ദി മോചനത്തിന് പകരം വിട്ടയച്ചെത്തിയ യഹ്‍യ സിൻവാറിനായിരുന്നു ഗസ്സയിൽ പകരം ചുമതല. വിദേശത്ത് ഹനിയ്യയും ഗസ്സയിൽ സിൻവാറും ഒന്നിച്ചുനിന്നായിരുന്നു ഹമാസിന്റെയും ഗസ്സയുടെയും ഭരണമടക്കം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഖത്തറിലും തുർക്കിയിലുമായി നിരന്തരം യാത്രകൾ നടത്തിയ അദ്ദേഹം തെഹ്റാനിലും പലവട്ടം സന്ദർശനം നടത്തി.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ചർച്ചകൾ വിവിധ കേന്ദ്രങ്ങളിൽ തകൃതിയായി നടന്നപ്പോൾ ഹനിയ്യയായിരുന്നു ഹമാസ് നിലപാട് അറിയിച്ചത്. അപ്പോഴൊക്കെയും അദ്ദേഹത്തെ ഇസ്രായേൽ ലക്ഷ്യമിട്ടുവെന്ന് വ്യക്തമാക്കി ഗസ്സയിൽ തന്റെ കുടുംബാംഗങ്ങളെ നിരന്തരം വേട്ടയാടി. കഴിഞ്ഞ ഏപ്രിലിൽ ഹനിയ്യയുടെ മക്കളായ ഹാസിം, ആമിർ, മുഹമ്മദ് എന്നിവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണിൽ ഹനിയ്യയുടെ സഹോദരിയും നാല് പേരമക്കളുമടക്കം കുടുംബത്തിലെ 10 പേർ മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘എത്ര പേർ രക്തസാക്ഷികളായാലും നാം കീഴടങ്ങില്ലെന്നായിരുന്നു’ അപ്പോഴൊക്കെയും അദ്ദേഹത്തിന്റെ വാക്കുകൾ.

2018ൽ സായുധ സമരത്തിന്റെ മുന്നണിപ്പോരാളിയെന്ന പേരിൽ ഹനിയ്യക്കുമേൽ അമേരിക്ക ഭീകരമുദ്ര ചാർത്തി.ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പേരിൽ നെതന്യാഹുവിനും യൊആവ് ഗാലന്റിനുമൊപ്പം അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. പിന്നീടും വെടിനിർത്തൽ പുലരാനും ഗസ്സയുടെ പുനർനിർമാണം സാധ്യമാക്കാനും അദ്ദേഹം കിണഞ്ഞ് ശ്രമിച്ചു. മനോഹരമായ പ്രഭാഷണങ്ങളുമായി അവസാനം വരെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.