ജറൂസലം: 10 വർഷത്തിനുശേഷം ഇസ്രായേൽ - ഫലസ്തീൻ ഉന്നതനേതാക്കളുടെ ചർച്ച. ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻറ്സുമാണ് കൂടിക്കാഴ്ച നടത്തിയത്. ജൂണിൽ നഫ്താലി ബെനറ്റ് ഇസ്രായേൽ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
വെസ്റ്റ്ബാങ്കിലെ രാമല്ലയിലാണ് ഗാൻറ്സ് 85കാരനായ അബ്ബാസുമായി ചർച്ച നടത്തിയത്. സുരക്ഷ നയം, പൗരന്മാർ, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും സാമ്പത്തികാവസ്ഥ എന്നിവയായിരുന്നു പ്രധാനമായും ചർച്ചയായത്. വാഷിങ്ടണിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബെനറ്റ് മടങ്ങിയെത്തിയതിനു പിന്നാലെയാണിത്. ഫലസ്തീെൻറ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്ന നടപടികൾക്കൊരുങ്ങുകയാണ് ഇസ്രായേൽ എന്ന് ഗാൻറ്സ് അറിയിച്ചു.
വെസ്റ്റ്ബാങ്കിലെ സൈനികനടപടി നിർത്തിവെക്കുക, ഫലസ്തീനികൾക്ക് ഇസ്രായേലിലെ ബന്ധുക്കളെ കാണാൻ അനുവദിക്കുക, ഇസ്രായേലിലേക്ക് കൂടുതൽ ഫലസ്തീൻ തൊഴിലാളികളെ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് അബ്ബാസ് മുന്നോട്ടുവെച്ചത്. ബന്ധം നിലനിർത്തുമെന്നുപറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. അതേസമയം, തീവ്രവലതുപക്ഷ പാർട്ടിക്കാരനായ ബെനറ്റ് സ്വന്തം രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യത്തിന് എതിരാണ്.
ബിന്യമിൻ നെതന്യാഹു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇസ്രായേൽ-ഫലസ്തീൻ ബന്ധം കൂടുതൽ വഷളായത്. അന്നത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപിെൻറ പിന്തുണയോടെ യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാലയളവിൽ അബ്ബാസ് യു.എസുമായും ഇസ്രായേലുമായുള്ള ബന്ധം നിർത്തി. ജനപ്രീതി നഷ്ടമായി ഒറ്റപ്പെട്ടെങ്കിലും ഫലസ്തീനുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവായാണ് അബ്ബാസിനെ ബൈഡൻ ഭരണകൂടം കാണുന്നത്. കൂടിക്കാഴ്ച നടന്നത് അബ്ബാസിെൻറ സഹായി ഹുസൈൻ ശൈഖ് ട്വിറ്ററിലൂടെ ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.