ടെൽ അവീവ്: ഇസ്രായേൽ അകാരണമായി തുടരുന്ന കടുത്ത ഉപരോധവും നിയന്ത്രണങ്ങളും വരിഞ്ഞുമുറുക്കിയ ഗസ്സ മുനമ്പിന് സഹായമെത്തിക്കാൻ അനുമതി നൽകി നാഫ്റ്റലി ബെനറ്റ് സർക്കാർ. മാസങ്ങൾക്ക് മുമ്പ് ഗസ്സയിൽ നടത്തിയ ആക്രമണത്തിന്‍റെ ഭാഗമായിട്ടായിരുന്നു സഹായമെത്തിക്കുന്നതിന് ഇസ്രായേൽ വിലക്കേർപെടുത്തിയിരുന്നത്. ഖത്തറുമായും യു.എന്നുമായും ഇതുസംബന്ധിച്ച് കരാറിലെത്തിയതായി ഇസ്രായേൽ അറിയിച്ചു.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ രൂപം നൽകിയ കരാർ പ്രകാരം ഗസ്സയിലെത്തുന്ന തുക ഹമാസ് കൈകാര്യം ചെയ്യില്ല. ആവശ്യക്കാരിൽ ഖത്തർ നേരിട്ട് വിതരണം ചെയ്യും. ഗസ്സയിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതാകും രീതി. സ്വീകരിക്കുന്നവരുടെ ഇടപാടുകൾ പിന്നീട് ഇസ്രായേൽ നിരീക്ഷിക്കും.
ഹമാസ് ബന്ദിയാക്കിവെച്ച ഇസ്രായേൽ തടവുകാരുടെ മോചനത്തിന് നീക്കം തുടരുമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. 2014െല ആക്രമണത്തിനിടെയാണ് രണ്ട് ഇസ്രായേൽ സൈനികർ ഹമാസ് തടവിലായത്. രണ്ട് സിവിലിയൻമാരും ഹമാസ് വശമുണ്ടെന്നാണ് ആരോപണം. വിഷയത്തിൽ ഹമാസ് പ്രതികരിച്ചിട്ടില്ല.
വർഷങ്ങളായി ഗസ്സയിൽ ഖത്തർ സഹായം നൽകിവരുന്നുണ്ട്. കഴിഞ്ഞ മേയിലാണ് ഇത് വിലക്കപ്പെട്ടത്. മേയിലെ ആക്രമണത്തിൽ 4,000 ഓളം വീടുകൾ ഗസ്സയിൽ ഇസ്രായേൽ ബോംബറുകൾ ചാരമാക്കിയിട്ടുണ്ട്. 38 കോടി ഡോളറിന്‍റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇവയുടെ പുനർനിർമാണത്തിന് ഖത്തറും ഈജിപ്തും ചേർന്ന് സഹായപദ്ധതി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.