ഗസ്സ സിറ്റി: ഗസ്സയിലെ കൊടും ദുരിതം ഇരട്ടിയാക്കി പട്ടിണിയും ശിശുമരണവും പടരുന്നതിനിടെ സഹായം കാത്തുനിൽക്കുന്നവരെ കൊന്നും ഇസ്രായേൽ ക്രൂരത. ഗസ്സ സിറ്റിയിലാണ് സഹായ ട്രക്കുകൾക്കായി വരിനിന്നവർക്കുമേൽ ഡ്രോണുകളും പീരങ്കികളും തീ തുപ്പിയത്. ആയിരങ്ങളാണ് ഇവിടെ കാത്തുനിന്നിരുന്നതെന്നും ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയിട്ടുണ്ട്.
ഗസ്സയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകൾ തടയുന്നതും ഇസ്രായേൽ തുടരുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ താഴെ മാത്രമാണ് നിലവിൽ ഗസ്സയിലെത്തുന്നത്. ഇസ്രായേൽ അനുമതി നൽകാത്തതിനാൽ ആയിരക്കണക്കിന് ട്രക്കുകൾ റഫ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പട്ടിണി ആയുധമാക്കി ഫലസ്തീനികളെ തളർത്തുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് ആക്ഷേപം.
ദിവസങ്ങളോളം ഒന്നും കഴിക്കാൻ ലഭിക്കാത്തവർ കാലികളുടെ ഭക്ഷണവും ഇലകളും മറ്റും കഴിച്ച് വിശപ്പടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുഞ്ഞുങ്ങളിലേറെയും കൊടുംപട്ടിണിയിലാണ്.
വടക്കൻ ഗസ്സയിലെ മൂന്നു ലക്ഷത്തോളം പേരാണ് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത്. ഇവിടേക്ക് പ്രതിദിനം രണ്ടു ട്രക്കുകൾ മാത്രമാണ് കടത്തിവിടുന്നത്.
കടുത്ത ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഇവിടെ സഹായം എത്തിച്ചിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് സഹായം റദ്ദാക്കുക വഴി പടിഞ്ഞാറൻ രാജ്യങ്ങൾ കൊടും പട്ടിണി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യു.എൻ അഭയാർഥി ഏജൻസി കുറ്റപ്പെടുത്തുന്നു. യു.എസും യൂറോപ്യൻ രാജ്യങ്ങളിലേറെയും സഹായം റദ്ദാക്കിയിട്ടുണ്ട്. ഇതുവഴി 22 ലക്ഷം ഫലസ്തീനികൾക്ക് ഭക്ഷണം മുടങ്ങിയെന്ന് ഗസ്സയിലെ യു.എൻ പ്രത്യേക പ്രതിനിധി മൈക്കൽ ഫഖ്രി കുറ്റപ്പെടുത്തി.
ഗസ്സയിൽ എല്ലാ വരുമാന മാർഗങ്ങളും ഇസ്രായേൽ അടച്ചുകളഞ്ഞതിനാൽ മഹാഭൂരിപക്ഷം ഫലസ്തീനികളും യു.എൻ ഏജൻസി നൽകുന്ന സഹായം വഴിയാണ് വിശപ്പടക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം, ആതുര സേവനം, ബേക്കറികൾക്ക് ധാന്യപ്പൊടി എന്നിവയുടെ വിതരണവും കുടിവെള്ള ശുദ്ധീകരണവും നടത്തുന്നതും ഏജൻസിയാണ്. ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.
ജറൂസലം: ഇസ്രായേലിന്റെ അവസാനിക്കാത്ത ക്രൂരതയിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. ‘അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഭരിക്കുന്ന തന്റെ സർക്കാർ രാജിവെക്കുന്നത്. വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപവത്കരിക്കണം’ -ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ച് യു.എസ് സൈനികൻ
വാഷിങ്ടൺ: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്കു മുന്നിൽ സ്വയം തീകൊളുത്തിയ അമേരിക്കൻ സൈനികൻ മരിച്ചു. യു.എസ് വ്യോമസേനാംഗമായ ടെക്സസ് സ്വദേശി ആരോൺ ബുഷ്നെൽ (25) ആണ് മരിച്ചത്. ‘ഈ വംശഹത്യയിൽ എനിക്കു പങ്കില്ല’ എന്ന് വിളിച്ചുപറഞ്ഞ് സമൂഹമാധ്യമത്തിൽ ലൈവ് ഇട്ടായിരുന്നു ഡ്യൂട്ടി സമയത്ത് ഇദ്ദേഹം സ്വയം തീ കൊളുത്തിയത്. യു.എസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. യു.എസിലെ ഇസ്രായേൽ എംബസിക്കു മുന്നിൽ വംശഹത്യക്കെതിരായ പ്രതിഷേധവും ഫലസ്തീൻ അനുകൂല പ്രകടനങ്ങളും നടക്കാറുള്ളതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗസ്സ വംശഹത്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലടക്കം പടരുന്ന വികാരത്തിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണമാണ് യു.എസ് സൈനികന്റെ ആത്മാഹുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.