ഖാൻ യൂനുസ്: അഭയാർഥി ക്യാമ്പുകളടക്കം ഗസ്സ നിവാസികളുടെ താമസകേന്ദ്രങ്ങൾ നിലംപരിശാക്കി ഇസ്രായേലിന്റെ ക്രൂരത തുടരുന്നു. വടക്കൻ ഗസ്സയിൽനിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വടക്കുഭാഗത്തേക്ക് നീങ്ങിയവർക്കു നേരെയാണ് വ്യോമാക്രമണം തുടരുന്നത്. ഗസ്സയുടെ ഒരു ഭാഗവും സുരക്ഷിതമല്ലെന്ന് ഇസ്രായേൽ പറയുന്നു. ഇതിനിടെ, കരയാക്രമണം ആസന്നമാണെന്ന മുന്നറിയിപ്പും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞദിവസം നൽകിയിരുന്നു.
ഗസ്സയിൽ മൂന്നുഘട്ട യുദ്ധമാണ് ഇസ്രായേൽ ഉദ്ദേശിക്കുന്നതെന്ന് ഗാലന്റ് പറഞ്ഞു. വ്യോമാക്രമണത്തിനുശേഷം കരയാക്രമണം തുടങ്ങും. പ്രതിരോധം ഉയരുന്ന കേന്ദ്രങ്ങൾ തിരഞ്ഞുപിടിച്ചാകും സൈനിക നീക്കം. അവസാന ഘട്ടത്തിൽ ഗസ്സയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. തെക്കൻ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലടക്കമാണ് കഴിഞ്ഞദിവസം രാത്രി വ്യോമാക്രമണം നടന്നത്. പരിക്കേറ്റവരെക്കൊണ്ട് പ്രദേശത്തെ ഏക ആതുരാലയമായ നാസർ ആശുപത്രി നിറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. വൈദ്യുതിയും മരുന്നും ഇല്ലാത്തതാണ് ആശുപത്രികൾ നേരിടുന്ന വെല്ലുവിളി. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത്. മുറിവ് വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് വിനാഗിരിയും.
ഹമാസിന് സഹായം ലഭിക്കരുതെന്ന ഇസ്രായേലിന്റെ നിർബന്ധമാണ് അതിർത്തിയിൽ കാത്തുനിൽക്കുന്ന ട്രക്കുകൾ കടത്തിവിടാൻ വൈകുന്നതിന് പിന്നിലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. റഫ അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഈജിപ്തും ഇസ്രായേലും തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഐക്യരാഷ്ട്രസഭ കേന്ദ്രത്തിൽനിന്ന് ഹമാസ് ഇന്ധനം മോഷ്ടിച്ചെന്ന് ഇസ്രായേൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകാതെ ട്രക്കുകൾക്ക് അനുമതി നൽകില്ലെന്നാണ് ഇസ്രായേൽ പറയുന്നത്. ഗസ്സ നിവാസികൾ ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിക്കുന്നത് വൃത്തിഹീനമായ വെള്ളവും. ഇത് പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.