തെൽഅവീവ്: യുദ്ധച്ചെലവും സാമ്പത്തിക ക്രയവിക്രയങ്ങൾ കുത്തനെ കുറഞ്ഞതും ഇസ്രായേലിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അന്താരാഷ്ട്ര ക്രെഡിറ്റ് ഏജൻസിയായ മൂഡീസ് വെള്ളിയാഴ്ച ഇസ്രായേലിന്റെ സോവറിൻ ക്രെഡിറ്റ് റേറ്റിങ് എ1ൽനിന്ന് എ2ലേക്ക് താഴ്ത്തിയിരുന്നു. ഇനിയും താഴ്ത്താൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. യുദ്ധത്തിന്റെ സ്വാധീനത്തിൽനിന്ന് സാമ്പത്തിക വ്യവസ്ഥയെ കരകയറ്റാനും വിപണിയുടെയും ക്രെഡിറ്റ് ഏജൻസികളുടെയും വിശ്വാസ്യത നേടാനും സർക്കാറും പാർലമെന്റും ഇടപെടണമെന്ന് ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമിർ യാരോൺ ആവശ്യപ്പെട്ടു.
സമ്പദ്‍വ്യവസ്ഥ അടിസ്ഥാനപരമായി ശക്തമാണെന്നും മുൻകാലത്തും ഇത്തരം പ്രയാസകരമായ ഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം നീണ്ടുപോകുന്നതിനൊപ്പം ചെങ്കടലിലെ ചരക്കുനീക്കം പ്രതിസന്ധിയിലായതും ഇസ്രായേൽ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചു. ഒക്ടോബർ ഏഴിനുശേഷം അഞ്ചുലക്ഷത്തിലേറെ പൗരന്മാർ രാജ്യം വിട്ടു.
വാണിജ്യ ഇടപാടുകളും സാമ്പത്തിക ക്രയവിക്രയങ്ങളും കുത്തനെ കുറഞ്ഞു. ഇടക്കിടെ പാഞ്ഞുവരുന്ന റോക്കറ്റുകളും അതോടനുബന്ധിച്ച അപായ സൈറണും കാരണം ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കുന്നില്ല. ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കാനുള്ള ആഹ്വാനവും സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.