ജറൂസലം: വെസ്റ്റ് ബാങ്കിലെ നബ്ലൂസിലും റാമല്ലയിലുമായി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറു ഫലസ്തീനികൾ കൊല്ലപ്പെട്ടു. അഞ്ചുപേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ ആക്രമണം നടന്നത് നബ്ലൂസിലാണ്. സായുധ ഗ്രൂപ്പിന്റെ ബോംബ് നിർമാണ ശാലക്കെതിരെയാണ് നടപടിയെന്നാണ് ഇസ്രായേൽ ഭാഷ്യം.
പ്രദേശത്ത് കനത്ത ഏറ്റുമുട്ടൽ നടന്നു. കസ്ബ പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചയായിരുന്നു ഇസ്രായേൽ സേന എത്തിയത്. ഈ വർഷം വെസ്റ്റ് ബാങ്കിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ നഗരമാകെ പുകയിലാണ്ടു.
കൊല്ലപ്പെട്ടവരെല്ലാം 40നുതാഴെ പ്രായമുള്ളവരാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഫലസ്തീൻ ഗ്രൂപ്പായ 'ലയൺസ് ഡെന്നി'ന്റെ നേതാവ് വാദി ഹൗഫും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ഇസ്രായേൽ കെയർടേക്കർ പ്രധാനമന്ത്രി യായിർ ലാപിഡ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ നിരായുധനായിരുന്നെന്ന് ഫലസ്തീൻ ആരോഗ്യ-സുരക്ഷ അധികൃതർ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനം നിലകൊള്ളുന്ന റാമല്ലക്കു സമീപമുള്ള ഗ്രാമത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിലാണ് 19 വയസ്സുള്ള മറ്റൊരു യുവാവ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. അതിനിടെ, പരിക്കേറ്റവരെ രക്ഷപ്പെടുത്താനെത്തിയ 'ഫലസ്തീൻ റെഡ് ക്രസന്റ്' സംഘത്തെ ഇസ്രായേൽ സൈന്യം തടഞ്ഞതായി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.