ബെയ്റൂത്: തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമല്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ നിരവധി ബന്ദികൾക്കും ജീവൻ നഷ്ടമായതായി അദ്ദേഹം ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിൽ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഗസ്സയിലെ നുസൈറാത്തിൽനിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ നടത്തിയ ഓപറേഷനിടെ അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്ന് ബന്ദികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 260ലേറെ ഫലസ്തീനികളെയും ഇസ്രായേൽ സേന അന്ന് കൊലപ്പെടുത്തിയിരുന്നു. നോആ അറഗാമി (25), ആൽമോങ് മെയർ (21), ആന്ദ്രേ കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് കര, നാവിക, വ്യോമ സൈനിക നീക്കത്തിലൂടെ ഇസ്രായേൽ മോചിപ്പിച്ചത്. ഗസ്സയിൽ കഴിയുന്ന 100ലധികം ബന്ദികളിൽ 70ലേറെ പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്. എന്നാൽ, എത്രപേർ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സി.എൻ.എന്നിനോട് സംസാരിക്കവെ ഹംദാൻ പറഞ്ഞു. മൂന്നു ഘട്ട വെടിനിർത്തലിൽ ശാശ്വത യുദ്ധവിരാമം നിർദേശിക്കുന്ന രണ്ടാംഘട്ടം നടപ്പാക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നില്ലെന്നും അതിന് അവരെ അംഗീകരിപ്പിക്കാൻ അമേരിക്ക ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ഹംദാൻ പറഞ്ഞു.
ബന്ദികളെ വിട്ടയക്കണമെങ്കിൽ ശാശ്വത വെടിനിർത്തലും ഗസ്സയിൽനിന്ന് ഇസ്രായേൽ സേനയെ പൂർണമായി പിൻവലിക്കുന്നതും ഫലസ്തീനി തടവുകാരുടെ മോചനവും ഉറപ്പാക്കണം. തടവുകാരുടെ കൈമാറ്റം, ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങൽ, ഗസ്സ പുനർനിർമാണം, ഉപരോധം അവസാനിപ്പിക്കൽ, ഗസ്സയുടെ ഭരണത്തിൽ ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശം എന്നീ കാര്യങ്ങളിൽ ഇസ്രായേൽ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ബന്ദിമോചന ചർച്ച ഫലവത്താകൂ. എന്നാൽ, കഴിഞ്ഞ മാസം അവസാനം യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച പദ്ധതിയിൽ ഹമാസ് ഉന്നയിച്ച ആവശ്യങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.