‘‘ശനിയാഴ്ചയാണ് ഞാനിവിടെ എത്തിയത്. വഴിയിൽ പലയിടത്തും ബോംബിങ്ങാണ്. ഡ്രോണുകൾ ഞങ്ങളെ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു’’ -ഖാൻ യൂനുസിലെത്തിയ മൻസൂർ ഷൗമൻ
ഗസ്സ സിറ്റി: കുടിവെള്ളവും ഭക്ഷണവുമില്ലാതെ, തീമഴക്ക് നടുവിലൂടെ പലായനം തുടർന്ന് ഫലസ്തീനികൾ. ഖാൻ യൂനുസിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇവിടെയുള്ള യു.എൻ ക്യാമ്പിൽ 20,000 പേരാണുള്ളത്. ക്യാമ്പിന്റെ പരമാവധി ശേഷിയും കവിഞ്ഞുവെന്നും ഇനി ഇവിടെനിന്നും ഒഴിപ്പിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും ക്യാമ്പിലെത്തിയവർ പറയുന്നു.
70 ശതമാനം ഗസ്സ നിവാസികൾക്കും ഇപ്പോൾ ആരോഗ്യസേവനം കിട്ടുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇപ്പോൾ ഗസ്സയിലുള്ളവർ ജീവിക്കുകയല്ല, അതിജീവിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ അഭയാർഥി ഏജൻസി പറഞ്ഞു.
ഗസ്സയിൽ ഭക്ഷണമെല്ലാം തീരുകയാണ്. ഭൂരിഭാഗം കടകളും അടച്ചു. അവശേഷിച്ച ഏതാനും ബേക്കറികൾക്കു മുന്നിൽ ഒരു പാക്കറ്റ് റൊട്ടിക്കുവേണ്ടി നീണ്ട വരിയാണ്. ‘‘ജനങ്ങൾ കാത്തിരിക്കുന്നത് കാണുന്നില്ലേ. വീടുകളിലൊന്നും റൊട്ടിമാവോ വെള്ളമോ എണ്ണയോ ഇല്ല’’-ഖാൻ യൂനുസ് നിവാസി അശ്റഫ് ഫഹ്മി അബൂ അഹ്മദ് പറയുന്നു.
ഇസ്രായേൽ ബോംബിങ്ങിനിടയിലൂടെ പലായനം ചെയ്യുകയെന്നത് അതിദുഷ്കരമാണെന്ന് ഗസ്സ സിറ്റി നിവാസി മൻസൂർ ഷൗമൻ പറഞ്ഞു. ‘‘ശനിയാഴ്ചയാണ് ഞാനിവിടെ എത്തിയത്. വഴിയിൽ പലയിടത്തും ബോംബിങ്ങാണ്. ഡ്രോണുകൾ ഞങ്ങളെ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു’’ -ഖാൻ യൂനുസിലെത്തിയ ഷൗമൻ കൂട്ടിച്ചേർത്തു -ബോംബിങ്ങിനിടയിലും 2000 പേർക്ക് വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഉപരോധത്തിൽ അകപ്പെട്ട ഗസ്സ നിവാസികളുടെ രക്ഷക്കായി മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഫലസ്തീനികൾ സ്വന്തം നാട് വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും അവർ അത്രമേൽ അഭിമാനികളാണെന്നും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി പ്രഫസർ തമർ ഖറാമത്ത് നിരീക്ഷിക്കുന്നു.
ഇതിനിടെ, ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയെ അപലപിക്കാത്ത യൂറോപ്യൻ യൂനിയനെ നിശിതമായി വിമർശിച്ച് നെതർലാൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ പ്രതിഷേധ പ്രകടനം നടന്നു. ഹമാസ് ആക്രമണത്തെ അപലപിച്ചവർ ഇസ്രായേലിനെ വിമർശിക്കുന്നില്ലെന്നും പ്രതിഷേധക്കാർ വിമർശിച്ചു.
ഉടൻ വെടിനിർത്തൽ ആവശ്യപ്പെടണമെന്ന് വാദിക്കാൻ ഐക്യരാഷ്ട്രസഭയിൽ താനല്ലാതെ മറ്റാരുമില്ലെന്ന്, യു.എന്നിന്റെ അധിനിവിഷ്ട ഫലസ്തീനുമായി ബന്ധപ്പെട്ട വിദഗ്ധ ഫ്രാൻസെസ് അൽബനീസ് പരിതപിച്ചു.
ഗസ്സയിലെയും ഇസ്രായേലിലെയും അവസ്ഥ ആശങ്കാജനകമാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി മിഖായേൽ മാർട്ടിൻ. സ്വയരക്ഷക്ക് ഇസ്രായേലിന് അധികാരമുണ്ടെങ്കിലും അത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും മാർട്ടിൻ ചൂണ്ടിക്കാട്ടി.
ഗസ്സക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമം തുടരുകയാണെന്ന് ഈജിപ്ത് അറിയിച്ചു. ഗസ്സയിലുള്ള ജനങ്ങൾ അടുത്തുള്ള ആശുപത്രികളിലും രക്തബാങ്കുകളിലും എത്തി രക്തം ദാനംചെയ്യണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ആഹ്വാനംചെയ്തു.
സൈനികാക്രമണത്തിൽ സാധാരണജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാതെയും പരിക്കേൽക്കാതെയുമിരിക്കാൻ നിയന്ത്രണം പാലിക്കണമെന്ന് ബ്രിട്ടൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സിവിലിയൻ മരണം കുറക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
-ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് സാധാരണജനങ്ങളെ വ്യാപകമായി അപായപ്പെടുത്തുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമെല്ലയിലും ഇസ്രായേൽ സൈനികാക്രമണം ആരംഭിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ 126 പൗരൻമാരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴു മതൽ 279 സൈനികർ കൊല്ലപ്പെട്ടതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.