റാമല്ല: വെടിനിർത്തലിനിടയിലും ഫലസ്തീനികളെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നത് തുടർന്ന് ഇസ്രായേൽ. റാമല്ലക്കടുത്ത ഓഫർ ജയിലിന് സമീപം ഇസ്രായേൽ അധിനിവേശ സേന ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നു. റാമല്ലയുടെ പടിഞ്ഞാറ് ബെയ്ത് ഊർ അൽ-തഹ്ത ഗ്രാമവാസിയായ ഫാദി മുയ്യദ് ബദ്റാൻ (21) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു.
റാമല്ലയ്ക്ക് സമീപം ബെയ്ത്തൂനിയ പട്ടണത്തിലാണ് കൊലപാതകം നടന്നത്. നേരത്തേ ഇസ്രായേൽ അധിനിവേശ സേന ബെയ്ത്തൂനിയ പട്ടണത്തിന്റെ സമീപപ്രദേശങ്ങളിൽ ഫലസ്തീനി വംശജരുടെ വീടുകളിൽ ഇരച്ചുകയറി തകർക്കുകയും അതിക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടർന്ന് ഓഫർ ജയിലിന് സമീപം ഫലസ്തീനികൾക്കെതിരെ വെടിവെപ്പും ഏറ്റുമുട്ടലും നടന്നിരുന്നു.
ഓഫർ ജയിലിന് പുറത്ത് ഇസ്രായേൽ അധിനിവേശ സേനയും ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ബദ്റാന്റെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു. ഉടൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ബദ്റാനുപുറമേ ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കേറ്റു.
⚡️[Graphic, sensitive] The heroic young man, Fadi Muayyad Badran, from the town of Beit Ur, was martyred in the town of Beitunia, west of Ramallah, during the confrontations. pic.twitter.com/j1EpEQy4FV
— Middle East Observer (@ME_Observer_) November 30, 2023
ഇന്നലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലേക്ക് ഇരച്ചുകയറിയാണ് അഭയാർഥി ക്യാമ്പിലെ രണ്ട് ഫലസ്തീൻ കുട്ടികളെ വെടിവെച്ചുകൊന്നത്. ആദം സമർ അൽ ഗൗൽ എന്ന എട്ടുവയസ്സുകാരനെ തലയ്ക്ക് വെടിവെച്ചും ബാസിൽ സുലൈമാൻ അബു അൽ വഫ എന്ന 15കാരനെ നെഞ്ചിൽ വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി വീടുകൾ ബുൾഡോസർകൊണ്ട് നശിപ്പിക്കുകയും ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തു. റോഡുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി ഫലസ്തീൻ വാർത്ത ഏജൻസിയായ ‘വഫ’ റിപ്പോർട്ട് ചെയ്തു.
ഖലീൽ സുലൈമാൻ ആശുപത്രി വളഞ്ഞ ഇസ്രായേൽ അധിനിവേശ സേന പരിക്കേറ്റവരെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് ഇന്റർനാഷനൽ ഡയറക്ടർ ക്രിസ്റ്റോസ് ക്രിസ്റ്റോ പറഞ്ഞു.
ജെനിൻ സർക്കാർ ആശുപത്രിയുടെ പ്രവേശന കവാടം ഇസ്രായേൽ സൈന്യം 40 മിനിറ്റോളം ഉപരോധിച്ചു. കാലിൽ വെടിയേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.