ന്യൂയോർക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുംകൈ പ്രയോഗിക്കുന്ന ഇസ്രായേലിന് നൽകുന്ന അടിയുറച്ച പിന്തുണ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ തകർക്കുന്നതായി റിപ്പോർട്ട്. ബൈഡന് പിന്നിൽ ഇതുവരെ ഉറച്ചുനിന്ന ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിനെതിരെ വികാരം രൂപപ്പെടുകയാണ്. അധികാരമേറ്റതു മുതൽ ബൈഡന് വലിയ പിന്തുണ നൽകിപ്പോന്ന യുവാക്കളും വംശീയ ന്യൂനപക്ഷങ്ങളും മറിച്ചുചിന്തിക്കുകയാണെന്ന സൂചനകളാണ് വരുന്നത്.
ബൈഡന്റെ നിലപാട് തള്ളി 18 പാർലമെന്റ് അംഗങ്ങളാണ് പ്രമേയത്തിലൂടെ പശ്ചിമേഷ്യയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടത്. ഇപ്പോൾ വെടിനിർത്തൽ വേണ്ട എന്നതാണ് ബൈഡന്റെ നിലപാട്. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് സർവ അവകാശവുമുണ്ടെന്ന് പലതവണ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ന്യൂ ജഴ്സി പ്രതിനിധി ബോണി വാട്സൺ കോൾമാന്റെ സഹ കാർമികത്വത്തിലുള്ള പ്രമേയത്തിലാകട്ടെ, ‘അധിനിവിഷ്ട ഫലസ്തീൻ’ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടതും ശ്രദ്ധേയമാണ്. യുദ്ധത്തിന്റെ ക്രൂരതയും അക്രമവും നിർമാണാത്മക ഫലങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് വ്യക്തമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഇതാദ്യമായാണ് ഡെമോക്രാറ്റുകൾക്കുള്ളിൽനിന്ന് തന്നെ ബൈഡന്റെ നിലപാടിന് വിരുദ്ധമായ പൊതുപ്രസ്താവന വരുന്നത്.
മിതവാദ ഡെമോക്രാറ്റുകളുടെയും വലതുപക്ഷത്തെ വിമർശകരുടെയും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ പാർട്ടിക്കുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നത് അടുത്തവർഷം തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കുന്ന ബൈഡന് വെല്ലുവിളിയാണെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കൻ നയം മാറ്റാനും അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടാനുമുള്ള മുറവിളി രാജ്യത്ത് ഉയരുകയാണ്. പ്രതിഷേധ പ്രകടനങ്ങൾ, തുറന്ന കത്തുകൾ, ജീവനക്കാരുടെ പ്രക്ഷോഭങ്ങൾ, വാക്കൗട്ടുകൾ എന്നിവ വഴി ലിബറൽ ഡെമോക്രാറ്റുകൾ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുന്നു. ഈ പ്രതിഷേധങ്ങൾ അടുത്തവർഷം ബൈഡന്റെ സ്ഥാനാർഥിത്വത്തെ തന്നെ ബാധിക്കുമോയെന്നാണ് ആശങ്ക. ഇപ്പോഴത്തെ സാഹചര്യത്തിൽ 2020 ലെ പിന്തുണ ഇനിയും പ്രതീക്ഷിക്കാനാവില്ലെന്ന് വ്യക്തമായി കഴിഞ്ഞു.
ഡെമോക്രാറ്റ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെയും എലിസബത്ത് വാറന്റെയും പ്രസിഡൻഷ്യൽ കാമ്പയിന് വേണ്ടി പ്രവർത്തിച്ച നൂറുകണക്കിന് മുൻ സ്റ്റാഫ് അംഗങ്ങൾ വെടിനിർത്തൽ പ്രമേയം സെനറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുകൾ എഴുതിയിട്ടുണ്ട്. അത്തരം ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നിൽപാണെങ്കിലും ‘മനുഷ്യത്വപരമായ താൽകാലിക ഇടവേള’ ആക്രമണത്തിന് നൽകണമെന്ന് സാൻഡേഴ്സിന് കഴിഞ്ഞദിവസം ആവശ്യപ്പെടേണ്ടിവന്നു. ആയിരക്കണക്കിനു മനുഷ്യർ മരിച്ചുവീഴുന്ന ആക്രമണത്തിന് ‘താൽകാലിക ഇടവേള’യെന്ന പരിഹാസ്യമായ ആശയത്തെ തന്നെ ചിലർ വിമർശിച്ചു. ‘‘മാനുഷികപരമായ ഇടവേളയോ, എന്താണത്? സമ്പൂർണ വെടിനിർത്തലാണ് വേണ്ടത്. ആശുപത്രികൾക്കും സ്കൂളുകൾക്കും വാസമേഖലകൾക്കും മുകളിൽ ബോംബുകൾ വർഷിക്കുന്നത് തടയുക തന്നെ വേണം’’- വെടിനിർത്തൽ പ്രമേയത്തിൽ ഒപ്പുവെച്ച മിസൂറിയിൽനിന്നുള്ള പ്രതിനിധി കോറി ബുഷ് വ്യക്തമാക്കി.
ഏതാനും മാസം മുമ്പ് ഏപ്രിലിൽ ബൈഡന് പിന്തുണ പ്രഖ്യാപിച്ച ലിബറൽ ആക്ടിവിസ്റ്റ് ഗ്രൂപ് ആയ ‘മൂവ് ഓണി’ലും ബൈഡന്റെ നിലപാട് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഗ്രൂപ് പുറത്തിറക്കിയ പ്രസ്താവനയിൽ ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ സമീപനത്തെ പരാമർശിക്കാതെ ഹമാസ് ആക്രമണത്തെ മാത്രം വിമർശിച്ചതിനെതിരെ യുവ അംഗങ്ങൾ രംഗത്തുവന്നു. ഇതേതുടർന്ന് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഗ്രൂപ്പിന് വേറെ പ്രസ്താവന പുറത്തിറക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.