തെൽഅവീവ്: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് ഇറാൻ പകരം ചോദിക്കുമെന്ന ഭീതിയിൽ ഇസ്രായേൽ പൗരൻമാർ. 40 രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് തങ്ങളുടെ പൗരന്മാർക്ക് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. വിദേശത്തുള്ള പൗരന്മാർ തങ്ങളുടെ ഇസ്രായേൽ, ജൂത വ്യക്തിത്വം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും കൗൺസിൽ നിർദേശിച്ചു.
ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മാഈൽ ഹനിയ്യയുടെയും ഹിസ്ബുല്ലയുടെ നേതാവ് ഫുആദ് ഷുക്കറിന്റെയും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും ഹിസ്ബുല്ലയും ഹമാസും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പെന്ന് കൗൺസിൽ പറഞ്ഞു. “ഇറാനും അനുകൂല സംഘടനകളും വിദേശത്തുള്ള ഇസ്രായേൽ, ജൂത കേന്ദ്രങ്ങളായ എംബസികൾ, സിനഗോഗുകൾ, ജൂത കമ്മ്യൂണിറ്റി സെൻററുകൾ, ചാബാദ് ഹൗസുകൾ, കോഷർ റെസ്റ്റോറൻറുകൾ, ഇസ്രായേലി ബിസിനസ് സ്ഥാപനങ്ങൾ എന്നിവക്കെതിരെ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ട്. പൊതു സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ഇസ്രായേൽ അല്ലെങ്കിൽ ജൂത അടയാളങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക. പ്രാദേശിക അധികാരികൾ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാത്ത വലിയ പരിപാടികൾ ഒഴിവാക്കുക. പ്രകടനങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കുക’ -ഹിബ്രു ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഫുആദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്ക് ശേഷം ബുധനാഴ്ച പുലർച്ചെ തെഹ്റാനിൽ ഹനിയ്യയെയും കൊലപ്പെടുത്തി.
ജറൂസലം മോചനത്തിന് ഹമാസ് തുറന്ന യുദ്ധം നടത്തുമെന്നും അതിന് എന്തുവിലകൊടുക്കാനും തയാറാണെന്നും ഇതിനുപിനനാലെ മുതിർന്ന ഹമാസ് വക്താവ് സമി അബു സുഹ്‌രി പറഞ്ഞിരുന്നു. എന്ത് ലക്ഷ്യത്തിനാണോ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ അവർ കൊലപ്പെടുത്തിയത്, ആ ലക്ഷ്യങ്ങൾ ഒരിക്കലും കൈവരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഇതിനുള്ള ശിക്ഷ അവർക്ക് നൽകുമെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖും മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.