ബംഗ്ലാദേശ് അഫ്ഗാനിസ്താനാവില്ല; ഇന്ത്യക്ക് മറുപടിയുമായി മുഹമ്മദ് യൂനുസ്

ധാക്ക: ശൈഖ് ഹസീനയില്ലാതിരുന്നാൻ ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന ഇന്ത്യയുടെ ആരോപണങ്ങൾ മറുപടിയുമായി ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഇത്തരമൊരു വാദം ഉയർത്തുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും പരസ്പര സഹകരണം വർധിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്നും യൂനുസ് ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഹിന്ദുക്കൾ എതിരായ ആക്രമണങ്ങൾ രാഷ്ട്രീയകാരണങ്ങളാണ് ഉള്ളത്. ഇതി​നെ വർഗീയവൽക്കരിക്കരുത്. ആക്രമങ്ങൾ തടയാൻ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. സാധ്യമായതെല്ലാം ആക്രമണങ്ങൾ തടയാനായി ചെയ്യുന്നുണ്ടെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന നാടുവിട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിടുകയും പാർല​മെന്റ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇടക്കാല മന്ത്രിസഭ നിലവിൽവന്നത്.

പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകനെന്ന പദവിയായിരിക്കും മുഹമ്മദ് യൂനുസ് വഹിക്കുക. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭയെന്ന ആവശ്യം വിദ്യാർഥി നേതാക്കൾ രാഷ്ട്രപതി മുഹമ്മദ് ശഹാബുദ്ദീൻ മുമ്പാകെ വെക്കുകയും അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. സൈനിക മേധാവി വാഖിറുസ്സമാന്റെ പിന്തുണയും തീരുമാനത്തിനുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ് നഹിദ് ഇസ്‌ലാമും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്.

Tags:    
News Summary - Bangladesh won't turn into Afghanistan: Muhammad Yunus's message to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.