കെനിയയിലെ ബോർഡിങ് സ്‌കൂളിൽ തീപിടിത്തം: 17 വിദ്യാർഥികൾ മരിച്ചു

നൈറോബി (കെനിയ): മധ്യ കെനിയയിലെ ബോർഡിങ് സ്‌കൂളിന്റെ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതര പൊള്ളലേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. തലസ്ഥാനമായ നൈറോബിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണിത്. 150 വിദ്യാർഥികളാണ് ഡോർമിറ്ററിയിൽ താമസിക്കുന്നത്. മരം കൊണ്ട് നിർമിച്ച കെട്ടിടമായതിനാൽ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു.

വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് വില്യം റൂതോ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ‘എക്സി’ൽ അറിയിച്ചു.

കെനിയന്‍ ബോർഡിങ് സ്‌കൂളുകളില്‍ നേരത്തേയും തീപിടിത്തമുണ്ടായിട്ടുണ്ട്. 2017ല്‍ തലസ്ഥാനമായ നൈറോബിയിലെ മോയി ഗേള്‍സ് ഹൈസ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. 2001ൽ മച്ചാക്കോസ് കൗണ്ടിയിലെ ഡോർമിറ്ററിയിൽ 67 വിദ്യാർഥികൾ മരിച്ചതാണ് ഏറ്റവും വലിയ തീപിടിത്തം.

Tags:    
News Summary - Kenya school fire: 17 students killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.