വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം; നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു

റാമല്ല: വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ അഭയാർഥി ക്യാമ്പ് മേഖലയിൽ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു ആക്രമണം.

നിരവധി സൈനിക വാഹനങ്ങളിലെത്തിയാണ് ഇസ്രായേൽ പട്ടാളം ആക്രമണം നടത്തിയത്. അഹ്മദ് അൽവാനി (26), അബിദ് ഹസീം (27), മുഹമ്മദ് അൽവാനി (30), മുഹമ്മദ് അബു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ തങ്ങളുടെ അംഗങ്ങളാണെന്ന് സായുധ വിഭാഗമായ അൽഅഖ്സ ബ്രിഗേഡ് പറഞ്ഞു.

അഹ്മദ് അൽവാനി ഫലസ്തീൻ ഇന്‍റലിജൻസ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് മുമ്പ് ഇസ്രായേലി സൈന്യവുമായി ആയുധമെടുത്ത് പോരാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അടുത്തിടെയുണ്ടായ വെടിവെപ്പുകളിൽ ഉൾപ്പെട്ട രണ്ട് പേരെ കൊലപ്പെടുത്തിയതായാണ് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞത്.

മേഖലയിൽ ഏറെ നേരം വെടിവെപ്പുണ്ടായി. അഭയാർഥി ക്യാമ്പിന്‍റെ പ്രവേശന കവാടത്തിൽ ഫലസ്തീൻ യുവാക്കൾ സംഘടിച്ച് സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. ഇവർക്ക് നേരെ ഇസ്രായേൽ സൈന്യം ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചു. 

Tags:    
News Summary - Israeli forces kill four Palestinians, wound dozens in Jenin raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.