വിശപ്പ് സഹിക്കാനാവാതെ മാലിന്യക്കൂമ്പാരത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ തിരയുന്ന ഫലസ്തീൻ ബാലൻ (ഫോട്ടോ: അൽജസീറ)

ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്​; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഗസ്സ: ഭക്ഷണവുമായി എത്തിയ ട്രക്കിന് മുന്നിൽ ഒരുനേരത്തെ അന്നത്തിന് കാത്തിരുന്ന ഫലസ്തീനികൾക്ക് നേരെ ക്രൂരതയുടെ പര്യായമായ ഇസ്രായേൽ അധിനിവേശസേനയുടെ വെടിവെപ്പ്. വടക്കൻ ഗസ്സയിൽ നടന്ന സംഭവത്തിൽ ചുരുങ്ങിയത് ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ആളുകൾ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

ഭക്ഷണത്തിനായി കാത്തിരുന്ന ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയിൽ വെടിയേറ്റ് നിലത്ത് തെറിച്ചുവീണയാളുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ഗസ്സ സിറ്റിയുടെ പടിഞ്ഞാറൻ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അ​​രങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനി​ടെ ഭക്ഷണത്തിന് കാത്തിരുന്നവർ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയിൽ കാണാം. “കുട്ടികൾക്കും ഞങ്ങൾക്കും ഭക്ഷണം തയാറാക്കാൻ എല്ലാവരെയും പോലെ ഞങ്ങൾ കുറച്ച് മാവ് എടുക്കാൻ പോയതായിരുന്നു. പൊടുന്നനെ ടാങ്കുകളിലെത്തിയ ഇസ്രായേൽ സേന ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു” -ദൃക്സാക്ഷികളിലൊരാൾ അൽജസീറയോട് പറഞ്ഞു. വെടിവെപ്പിനും പരക്കംപാച്ചിലിനുമിടയിൽ ഭക്ഷ്യമാവിന്റെ ചാക്ക് പൊട്ടി നിലത്തുവീണ മാവ് കോരിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Full View

ഏതാനും ദിവസം മുമ്പും സമാനരീതിയിലുള്ള ആക്രമണം ഭക്ഷണ വിതരണ കേന്ദ്രത്തിൽ നടന്നിരുന്നു. യുദ്ധതെത തുടർന്ന് പ്രദേശത്തെ ഏകദേശം 2.3 ദശലക്ഷം ആളുകൾ ​കൊടുംപട്ടിണിയിൽ കഴിയുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര നിയമങ്ങൾ എല്ലാം ലംഘിച്ച് സഹായ വിതരണ കേന്ദ്രത്തിൽ പോലും ഇസ്രാ​യേൽ വൻ ആക്രമണം അഴിച്ചുവിടുന്നത്.

ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം രോഗവ്യാപനത്തിനും കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിനും കാരണമാകുമെന്ന് നിരവധി യു.എൻ ഏജൻസികൾ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകയിരുന്നു.

“ഗസ്സ മുനമ്പ് പോഷകാഹാര പ്രതിസന്ധിയുടെ വക്കിലാണെന്ന് ഞങ്ങൾ ആഴ്ചകളായി മുന്നറിയിപ്പ് നൽകുന്നു” -യുനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചെയിൻ പറഞ്ഞു. “സംഘർഷം ഇപ്പോൾ അവസാനിച്ചില്ലെങ്കിൽ കുട്ടികൾക്ക് പോഷകാഹാരം കിട്ടാത്തത് രൂക്ഷമാകും. ഇത് മരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഗസ്സയിലെ കുഞ്ഞുങ്ങളെ അവരുടെ ജീവിതകാലം മുഴുവൻ ഇത് ദോഷകരമായി ബാധിക്കാനും തലമുറകളോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും ഇടയാക്കും’ -അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ 29,092 ഫലസ്തീനികളാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 69,028 പേർക്ക് ഇതിനകം പരിക്കേറ്റു.



Tags:    
News Summary - Israeli forces kill, wound Palestinians waiting for food aid in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.