ജറൂസലം: മസ്ജിദുൽ അഖ്സയിൽ വീണ്ടും അതിക്രമിച്ചുകടന്ന് ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതിപക്ഷ നേതാവ് യായിർ ലാപിഡും ഉൾപ്പെടെ അതിക്രമത്തെ വിമർശിച്ച് രംഗത്തെത്തി. ഇസ്രായേലിന്റെ തന്നെ സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടികൾ തുടരുന്ന ബെൻ ഗ്വിറിനെ നിലക്കുനിർത്താൻ പ്രധാനമന്ത്രി നെതന്യാഹു തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, മസ്ജിദുൽ അഖ്സയുടെ ചരിത്രപരമായ തൽസ്ഥിതിയിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മുസ്ലിംകൾക്ക് വിശുദ്ധകേന്ദ്രത്തിൽ പ്രാർഥനാ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അപകടകരമായ പ്രവൃത്തികളുടെ പേരിൽ ചരിത്രം നിങ്ങളെ വിചാരണ ചെയ്യുമെന്ന് ബെൻ ഗ്വിറിനോടായി യോവ് ഗാലന്റ് പറഞ്ഞു.
ഫലസ്തീൻ വിദേശകാര്യ മന്ത്രാലയവും വിവിധ അറബ് രാഷ്ട്രങ്ങളും മസ്ജിദുൽ അഖ്സയിലെ അതിക്രമത്തെ അപലപിച്ചു. ഇതാദ്യമായല്ല അദ്ദേഹവും കൂട്ടാളികളും മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ചുകടക്കുന്നത്. ഇസ്രായേലിന്റെ പ്രകോപന നടപടി അമർച്ച ചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് അറബ് ലീഗ് മുന്നറിയിപ്പ് നൽകി. തൽസ്ഥിതി നിലനിർത്താനുള്ള അന്താരാഷ്ട്ര ധാരണ അനുസരിച്ച് മസ്ജിദുൽ അഖ്സയിൽ മുസ്ലിംകൾക്ക് മാത്രമാണ് പ്രാർഥനക്ക് അനുമതിയുള്ളത്. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ മിന്നലാക്രമണം നടത്തുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ഹമാസ് വിശദീകരിച്ചത് മസ്ജിദുൽ അഖ്സയിലെ അതിക്രമമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.