ബിന്യമിൻ നെതന്യാഹു

നെതന്യാഹുവിനെതിരെ പ്രക്ഷോഭവുമായി പ്രതിപക്ഷവും ബന്ദികളുടെ കുടുംബവും

ജറൂസലം: ബന്ദിമോചനചർച്ചകൾ പാതിവഴിയിലിട്ട് ഗസ്സയിൽ ആക്രമണം തുടരാൻ തിടുക്കംകൂട്ടിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം രൂക്ഷമാകുന്നു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളടക്കം രംഗത്തുവന്നിട്ടുണ്ട്.

ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷികളായി നിൽക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വൻ പരാജയമാകുകയും ചെയ്ത നെതന്യാഹു രാജിവെക്കണമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ് നേതാവ് യായർ ലാപിഡ് ആവശ്യപ്പെട്ടു.

ബന്ദികളുടെ കുടുംബങ്ങളും നെതന്യാഹുവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര യോഗം വിളിച്ചില്ലെങ്കിൽ തെരുവിലിറങ്ങുമെന്നാണ് ഭീഷണി.

അതിനിടെ, രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അഴിമതിക്കേസ് വിചാരണ പുനരാരംഭിക്കും. യുദ്ധം മുൻനിർത്തി നീട്ടിവെച്ച ബെസഖ്-വല്ല കേസ് വിചാരണയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. വല്ല വെബ്സൈറ്റിൽ തനിക്കനുകൂലമായ റിപ്പോർട്ടുകൾ നൽകാൻ ബെസഖ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയെ സഹായിക്കുന്ന തീരുമാനങ്ങൾ സ്വീകരിച്ചുവെന്നാണ് ആരോപണം.

നേരത്തേ, കേസിൽ വാദംകേൾക്കുന്ന മൂന്നു ജഡ്ജിമാർ അഴിമതി ആരോപണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയതോടെ അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് വിചാരണ നിർത്തിവെച്ചിരുന്നു. എന്നാൽ, കോടതികൾ പതിവുപോലെ പ്രവർത്തിക്കാൻ നീതിന്യായ മന്ത്രി അനുമതി നൽകിയതിനു പിന്നാലെയാണ് വിചാരണ പുനരാരംഭിക്കുന്നത്.

വിചാരണ വീണ്ടും തുടങ്ങുന്നത് സമാനതകളില്ലാത്ത നാണക്കേടാണെന്ന് നെതന്യാഹു നയിക്കുന്ന ലിക്കുഡ് പാർട്ടി കുറ്റപ്പെടുത്തി. വേറെയും രണ്ടു കേസുകളിൽ നെതന്യാഹുവിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Israeli protestors urge removal of Netanyahu over hostages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.