ജറുസലേം: 2018-21ൽ ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയായിരുന്ന റോൺ മൽക്ക ഇസ്രയേലിലെ അദാനിയുടെ തുറമുഖത്തിന്റെ ചെയർമാനായി ചുമതലയേറ്റു. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖ കമ്പനിയുടെ (എച്ച്.പി.സി) എക്സിക്യുട്ടീവ് ചെയർമാനായാണ് പുതിയ പദവി.
ഞായറാഴ്ച എച്ച്.പി.സി എക്സിക്യുട്ടീവ് ചെയർമാനായി ചുമതലയേറ്റെന്ന വിവരം മൽക്ക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘അദാനി ഗ്രൂപ്പിന് വേണ്ടി ഹൈഫ പോർട്ട് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി ഇന്ന് ചുമതലയേൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദാനിയുടെയും ഗദോത്തിന്റെയും അനുഭവപരിചയവും വൈദഗ്ധ്യവും തുറമുഖ തൊഴിലാളികളുടെ സമർപ്പണവും ഹൈഫ തുറമുഖത്തെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലെത്തിക്കും’ എന്നായിരുന്നു ട്വീറ്റ്.
ഷിപ്പിങ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിൽ ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ, ടൂറിസ്റ്റ് ക്രൂയിസ് കപ്പലുകളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ്. കഴിഞ്ഞ ജൂലൈയിലാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും ഇസ്രയേലിലെ ഗദോത്ത് ഗ്രൂപ്പും ചേർന്ന് തുറമുഖം ലേലത്തിൽ നേടിയത്. 118 കോടി ഡോളറിനായിരുന്നു (ഏകദേശം 9710 കോടി രൂപ) ഈ ഏറ്റെടുക്കൽ.
2023 ജനുവരിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ സംബന്ധിച്ച ചടങ്ങിൽ തുറമുഖം അദാനി ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.