തെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്ന് ഇസ്രായേൽ പ്രതിരോധസേന വക്താവ് ഡാനിയൽ ഹാഗരി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്നത് ഇപ്പോൾ നേടാനാവാത്ത ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വക്താവിന്റെ പരാമർശത്തോടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഉന്നത സൈനികവൃത്തങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.
ഹമാസിനെ തകർക്കുക, ഇല്ലാതാക്കുക തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ചാനൽ 13 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഹാഗരി പറഞ്ഞു. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.
ഹമാസിനെ പൂർണമായും ഇല്ലാതാക്കാമെന്ന് ആരെങ്കിലും ചിന്തിക്കുകയാണെങ്കിൽ അത് തെറ്റാണ്. ഹമാസിന് പകരം മറ്റൊന്നിനെ കണ്ടെത്തിയില്ലെങ്കിൽ അത് അവിടെ തന്നെ നിൽക്കുമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു. സൈനികന്റെ പ്രസ്താവനക്ക് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവന്നു.
ഗസ്സയിൽ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഹമാസിനെ ഇല്ലാതാക്കുകയാണ്. ഇത് ചെയ്യാൻ ഇസ്രായേൽ പ്രതിരോധസേന പ്രതിജ്ഞബദ്ധരാണെന്നായിരുന്നു നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും വന്ന പ്രസ്താവന. അതേസമയം, സൈനിക വക്താവ് ജോലി ചെയ്യുന്ന സൈനിക യൂണിറ്റും ഇക്കാര്യത്തിൽ പ്രതികരണം നടത്തി. ഹമാസിനെ ഇല്ലാതാക്കുകയെന്നത് യുദ്ധത്തിന്റെ ലക്ഷ്യമാണ്. സർക്കാറിന്റെ ഈ ലക്ഷ്യത്തിനൊപ്പം സൈന്യം നിൽക്കുമെന്ന് സൈനിക യൂണിറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.