ഗസ്സ സിറ്റി: യു.എന്നിന്റെ അടിയന്തര വെടിനിർത്തൽ പ്രമേയത്തിന് പുല്ലു വില കൽപിച്ച് ഗസ്സയിൽ ഇസ്രായേലിന്റെ നരമേധം തുടരുന്നു. ഏറ്റവും ഒടുവിലത്തെ ബോംബിങ്ങിൽ 28 പേർ കൊല്ലപ്പെട്ടതായും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. മധ്യ ഗസ്സയിലെ അൽ ബലാഹിലെ ഒരു വീടിനു മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ടു. വടക്കൻ ഗസ്സയിയെ ഇന്തോനേഷ്യൻ ആശുപത്രി കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
സർവതും തകർന്നടിഞ്ഞ അവസ്ഥയിലാണ് ഗസ്സയെന്ന് അവിടം സന്ദർശിച്ച യു.എൻ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ സാക്ഷ്യപ്പെടുത്തുന്നു. ഗസ്സയിലേത് ബാല്യം നഷ്ടപ്പെട്ട തലമുറയായി മാറാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെവിടെയും ഒരു കുട്ടിയും അനുഭവിക്കാത്തതും കഷ്ടപ്പെടാത്തതുമായ തരം അനുഭവമാണ് ഗസ്സയിലെ കുട്ടികളുടേതെന്ന് അഭയാർത്ഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ജനറൽ കമീഷണർ ഫിലിപ്പ് ലസാരിനിയും പറയുന്നു. വളരെയധികം പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു, നിരവധി പേർ ആജീവനാന്ത മുറിവുകൾ വഹിക്കും. അതിജീവിച്ചവർ കടുത്ത ആഘാതത്തിലാണ് -അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിലും റാമല്ലയിലും സൈന്യം അഴിഞ്ഞാടുകയാണ്. നെബുലസിൽ ടാങ്കുകളുമായി റോന്തു ചുറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിൻജി ടൗണിലേക്കുള്ള പ്രധാന കവാടം അധിനിവേശ സൈന്യം അടച്ചുകളഞ്ഞു. റാമല്ലയിലെ അൽ ബിറെഹിലെ ബഹുനില കെട്ടിടം ബോബിട്ടു തകർത്തു. അൽ അഖ്സ പള്ളിയിലും സൈന്യം അതിക്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.