വാഷിങ്ടൺ: യുക്രെയ്നിന് യു.എസിന്റെ സഹായത്തുടർച്ച വാഗ്ദാനം നൽകി പ്രസിഡന്റ് ബൈഡൻ. 6000 കോടി ഡോളറിന്റെ സൈനികസഹായം നൽകാൻ യു.എസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോട് ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
‘‘യുക്രെയ്നിന് സഹായം നൽകുന്നതിന് അംഗീകാരം നൽകാൻ യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് കഴിയാതിരിക്കുന്നത് പരിഹാസ്യവും തെറ്റുമാണ്. സഹായം ലഭ്യമാക്കാൻ ഞാൻ പോരാടും. ഇന്ന് ഞാൻ സെലൻസ്കിയുമായി സംസാരിച്ചിരുന്നു. സഹായം ലഭ്യമാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു’’ -ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആയുധക്ഷാമം കാരണം കഴിഞ്ഞ ദിവസം യുക്രെയ്നിലെ അവ്ദിവ്ക നഗരത്തിൽനിന്ന് സൈന്യം പിൻവാങ്ങിയതോടെ റഷ്യ പൂർണ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. ഡോൺബാസ് വ്യവസായമേഖല പിടിച്ചടക്കാൻ സഹായിക്കുന്നതാണ് അവ്ദിവ്കയിലെ വിജയം.
കിഴക്കൻ മേഖല തലസ്ഥാനമായ ഡോണെറ്റ്സ്കിന്റെ പ്രവേശനകവാടമായ അവ്ദിവ്ക വിട്ടുകൊടുത്തത് തെറ്റായ തീരുമാനമാണെന്ന് യു.എസ് കുറ്റപ്പെടുത്തി. എന്നാൽ, സൈനികരുടെ ജീവൻ രക്ഷിക്കാനാണ് പിന്മാറ്റമെന്നുമാണ് യുക്രെയ്നിന്റെ പുതിയ സൈനിക മേധാവി ഒലെക്സാണ്ടർ സിർസ്കി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.