ന്യൂയോർക്ക്: ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിച്ച് വിവാദത്തിലായി ജോൺസൻ ആൻഡ് ജോൺസൻ മുൻ തലവന്‍. എല്ലാ ഫലസ്തീനികളും ഭീകരവാദികളാണെന്നും എല്ലാവരെയും കൊന്നൊടുക്കണമെന്നും ജോൺസൻ ആൻഡ് ജോൺസൻ മുൻ വൈസ് പ്രസിഡന്റ് സാം മൽഡൊണാഡോ ആവശ്യപ്പെട്ടു. ബൈബിൾ വചനങ്ങൾ അനുസരിച്ചാണ് നെതന്യാഹു ഫലസ്തീനിൽ ആക്രമണം നടത്തുന്നതെന്നും മൽഡൊണാഡോ പറഞ്ഞു. യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ജോൺസൻ ആൻഡ് ജോൺസൻ.
ലിങ്കിഡിനിൽ ഒരു മാസം മുൻപ് നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഇസ്രായേൽ അനുകൂലിയുടെ പോസ്റ്റിൽ കമന്റായിട്ടായിരുന്നു വിവാദപരാമർശങ്ങൾ നടത്തിയത്. ''എല്ലാ ഫലസ്തീനികളും ഭീകരവാദികളും കൊല്ലപ്പെടേണ്ടവരുമാണെന്നാണോ പറയുന്നത്? അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ ബോംബാക്രമണം എന്തിനാണെന്നു വ്യക്തമാകുന്നുണ്ട്. എല്ലാവരെയും കൊന്നുകളയണം''-ഇങ്ങനെയായിരുന്നു ആദ്യ പ്രതികരണം.പരാമർശം ലജ്ജാകരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് മറുപടിയെത്തിയതോടെ തന്റെ നിലപാട് കൂടുതൽ വിശദീകരിച്ചുകൊണ്ട് മൽഡൊണാഡോ എത്തുകയും ചെയ്തു.
''ഇസ്രായേലിന് എന്തുവില കൊടുത്തും സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. ഈ പറയുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് എനിക്ക് അറിയാം. ദൈവത്തിനു രാഷ്ട്രീയശരിയുടെ ആവശ്യമില്ലല്ലോ. കാരണം അവനാണ് എപ്പോഴും ശരി. സ്വയംപ്രതിരോധമൊരുക്കിയില്ലെങ്കിൽ ഇസ്രായേൽ അപ്രത്യക്ഷമായേക്കും; ഇസ്രായേൽ അങ്ങനെ ഇല്ലാതാകില്ലെങ്കിലും. സഹസ്രാബ്ധങ്ങളായി ദൈവം ഇസ്രായേലിനു സംരക്ഷണം നൽകുന്നുണ്ട്. അവൻ മനസ്സ് മാറ്റുമെന്നു തോന്നുന്നില്ല. ഇതു സൈനികപോരാട്ടമല്ല, ആത്മീയയുദ്ധമാണ്. അതു ദൈവം ജയിക്കും.''
ബിന്യമിൻ നെതന്യാഹു നടത്തുന്ന ഫലസ്തീൻ കൂട്ടക്കൊലയെ ബൈബിൾ വചനം ഉദ്ധരിച്ചു ന്യായീകരിച്ച മറ്റൊരു കമന്റ് സാം മൽഡൊണാഡോ പിന്നീട് ഡിലീറ്റ് ചെയ്തു. ഇത്തരം ശത്രുക്കളെ ഇസ്രായേൽ നേരിടുന്നത് ഇതാദ്യമായായല്ല എന്നു പറഞ്ഞായിരുന്നു ന്യായീകരണം. അമലാക്ക് രാജ്യത്തെ മുഴുവൻ, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയുമെല്ലാം നശിപ്പിച്ചേക്കുക എന്ന ബൈബിൾ വചനങ്ങളായിരിക്കാം നെതന്യാഹു ഫലസ്തീനികളുടെ കാര്യത്തിൽ സ്വീകരിച്ചതെന്ന് അദ്ദേഹം കുറിച്ചു. ''ഇതിനെ ജനങ്ങൾ വംശഹത്യയെന്നോ കൂട്ടക്കൊലയെന്നോ ഒക്കെ വിളിച്ചേക്കാം. എന്നാൽ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത അവനെ വഴങ്ങുന്നത് ഇങ്ങനെയാണ്. ദൈവത്തെ വഴങ്ങേണ്ടത്''-ഇങ്ങനെ പോകുന്ന ഇസ്രായേലിന്റെ നരഹത്യയ്ക്കുള്ള ന്യായീകരണം.
ഒരു മാസംമുൻപ് ലിങ്കിഡിനിൽ കുറിച്ച കമന്റുകൾ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2000ത്തിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഭാഗമായ സാം 2022ൽ കമ്പനി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.