ഇസ്രായേൽ കൊലപ്പെടുത്തിയ അൽ മയാദീൻ ടിവി റിപ്പോർട്ടർ ഫറാ ഉമർ, കാമറമാൻ റാബി അൽ മമാരി 

ഗസ്സയിൽനിന്ന് ചു​ടു​ചോര ഒഴുകുന്ന വാർത്തകൾ​, തയാറാക്കുന്നത് സ്വന്തം ചോര പണയംവെച്ച്

ഗസ്സ: ‘ഇതെ​ന്റെ അവസാനത്തെ വാർത്തയാകാം...’ ഓരോ വാർത്ത തയാറാക്കുമ്പോഴും ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ ഉള്ളിലുള്ള ആശങ്കയാണിത്. ഏതുസമയവും എവിടെ ​വെച്ചും ഇസ്രായേൽ അധിനിവേശ സേന തങ്ങളെ കൊലപ്പെടുത്തിയേക്കാം എന്നവർ പ്രതീക്ഷിക്കുന്നു.

ഇത് വെറുതെ പറയുന്നതല്ല, തങ്ങളോടൊപ്പം ഒക്ടോബർ ആദ്യവാരം വാർത്തകളുടെ ലോകത്ത് മുഴുകിയിരുന്ന 50 പേർ ഇന്നില്ല എന്ന ഭീതിപ്പെടുത്തുന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ട് പറയുന്നതാണ്. ഗസ്സയിലെ ക്രൂരതകൾ ലോകത്തെ അറിയിക്കുന്നതിനിടെ അവരെ ഇസ്രായേൽ വധിക്കുകയായിരുന്നു.

എന്നിട്ടുമവർ തങ്ങളുടെ കർത്തവ്യത്തിൽനിന്ന് പിന്മാറുന്നില്ല. സഹപ്രവർത്തകർ ഓരോരുത്തരായി ചുടുചോരനൽകി രക്തസാക്ഷിത്വം വരിക്കുമ്പോഴും നാടിന്റ വിമോചനപ്പോരാട്ടത്തിൽ ഓരോ ഫലസ്തീനി മാധ്യമപ്രവർത്തകനും തങ്ങളാലാവും വിധം അടയാളപ്പെടുത്തുന്നു.

ഏറ്റവും ഒടുവിൽ ലബനീസ് ചാനലായ അൽ മയാദീൻ ടിവിയുടെ രണ്ട് പേരാണ്  ഇസ്രായേൽ ക്രൂരതക്ക് ഇരയായത്.  റിപ്പോർട്ടർ ഫറാ ഉമർ, കാമറമാൻ റാബി അൽ മമാരി എന്നിവരാണ് ​കൊല്ലപ്പെട്ടത്. മാധ്യമങ്ങളെ നിശ്ശബ്ദമാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് ഈ ആക്രമണം തെളിയിക്കുന്നതായി ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി ആരോപിച്ചു.

ഇസ്രായേൽ കൊലപ്പെടുത്തിയ അൽ മയാദീൻ ടിവി റിപ്പോർട്ടർ ഫറാ ഉമർ, കാമറമാൻ റാബി അൽ മമാരി 

“ഇസ്രായേലിന്റ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കുകയാണ് ലക്ഷ്യമെന്ന് ഈ ആക്രമണം തെളിയിക്കുന്നു. അവർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് പരിധികളില്ല. രക്തസാക്ഷികളായ മാധ്യമപ്രവർത്തകരുടെ കുടുംബത്തിന്റെയും അൽ മയാദീൻ ചാനലിന്റെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകാനും കരുണ ചൊരിയാനും ദൈവത്തോട് പ്രർഥിക്കുന്നു’ - നജീബ് മീഖാത്തി പറഞ്ഞു.

മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊന്നത് ആസൂത്രിതമാണെന്നും യാദൃശ്ചികമല്ലെന്നും അൽ മയാദീൻ ഡയറക്ടർ ഗസൻ ബിൻ ജിദ്ദോ പറഞ്ഞു. അൽ മയാദിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുന്നത് ഈ മാസം ആദ്യം ഇസ്രായേൽ സർക്കാർ വിലക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതിയും വാർത്താ വിനിമയ സംവിധാനവും ഇസ്രായേൽ അധിനിവേശ സൈന്യം തകർത്തതിനാൽ ഗസ്സയിൽനിന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ വാർത്തകൾ പുറത്തുവരുന്നത് ഒരാഴ്ചയിലേറെയായി നിലച്ചിരിക്കുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യമാണ് ഗസ്സയിലെന്ന് അധിനിവേശ കിഴക്കൻ ജറുസലേമിൽ നിന്നുള്ള അൽജസീറ റിപ്പോർട്ടർ റോറി ചാലാൻഡ്സ് ചൂണ്ടിക്കാട്ടിയിരുന്നു.

യുദ്ധമുഖത്ത് ജീവന് സുരക്ഷിതത്വമില്ലാത്തതിനാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വിവരണങ്ങൾ മാത്രമേ ചിലപ്പോൾ ലഭിക്കുന്നുള്ളൂ എന്ന് റോറി പറഞ്ഞു. ഇസ്രായേലിന്റെ നിർമിതവാർത്തകളാണ് മിക്ക വാർത്താ ഏജൻസികളും ആശ്രയിക്കുന്നത്.

ഇസ്രായേൽ പുറത്തുവിടുന്ന വള​െച്ചാടിച്ച ഏകപക്ഷീയ വാർത്തകൾ മാത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആശ്രയിക്കുന്നത്. അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഏതാനും സമൂഹമാധ്യമ ആക്ടിവിസ്റ്റുകളും ഫ്രീലാൻസ് ജേണലിസ്റ്റുകളും നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണ് ഇതിന് അപവാദം. ഒക്‌ടോബർ ഏഴു മുതൽ 50ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് പറയുന്നു.

ഗസ്സയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർ:

അലാ താഹിർ അൽ-ഹസനാത്ത്,

അബ്ദുൽഹലീം അവദ്,

ബിലാൽ ജദല്ല,

സരി മൻസൂർ,

ഹസനുസലിം,

മുസ്തഫ അൽ സവാഫ്,

അംറു സലാഹ് അബു ഹയ,

മുസ്സാബ് അഷൂർ,

യഅ്ഖൂബ് അൽ ബർഷ്,

അഹമ്മദ് ഫത്തൂഹ്,

അഹമ്മദ് അൽ ഖറ,

യഹ്‍യ അബു മാനിഹ്,

മുഹമ്മദ് അബു ഹസീറ,

മുഹമ്മദ് അൽ ജജ,

മുഹമ്മദ് അബു ഹതാബ്,

മജ്ദ് ഫദൽ,

ഇമാദ് അൽ-വാഹിദി,

മജീദ് കാഷ്കോ,

നസ്മി അൽനദീം,

യാസർ അബു നമൂസ്,

ദുആ ഷറഫ്,

ജമാൽ അൽ ഫഖാവി,

സലമ മുഖൈമർ,

സഈദ് അൽ ഹലാബി,

അഹമ്മദ് അബു മഹദി,

മുഹമ്മദ് ഇമാദ് ലബാദ്,

റോഷ്ദി സർറാജ്,

മുഹമ്മദ് അലി,

ഖലീൽ അബു ആസ്റ,

സമീഹ് അൽനാദി,

മുഹമ്മദ് ബലൂഷ,

ഇസ്സാം ബർ,

അബ്ദുൽഹാദി ഹബീബ്,

യൂസഫ് മഹർ ദവാസ്,

സലാം മേമ,

ഹുസാം മുബാറക്,

അഹമ്മദ് ഷഹാബ്,

മുഹമ്മദ് ഫയീസ് അബു മതർ,

സയീദ് അൽ തവീൽ,

മുഹമ്മദ് സുബഹ്,

ഹിഷാം അൽനവാജ,

അസദ് ഷംലാഖ്,

മുഹമ്മദ് അൽ സാൽഹി,

മുഹമ്മദ് ജാർഗൂൻ,

ഇബ്രാഹിം മുഹമ്മദ് ലാഫി



 


Tags:    
News Summary - Journalists killed during Israel Palestine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.