ഗസ്സയിൽ കൊല്ല​പ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് പ്രസ് യൂണിയൻ

റാമല്ല: ഒരു വർഷത്തിനിടെ ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമ പ്രവർത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് ഫലസ്തീൻ പ്രസ് യൂണിയൻ. 2023 ഒക്‌ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ 183 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് പ്രസ് യൂണിയനായ ഫലസ്തീനിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് പുറത്തുവിട്ടു. ഈ കണക്ക് ലോകമെമ്പാടും പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണത്തേക്കാൾ ഇരട്ടിയിലധികമാണ്.

സത്യത്തി​ന്‍റെ സാക്ഷികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ ഫലസ്തീനിയൻ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും സിൻഡിക്കേറ്റ് ഊന്നിപ്പറഞ്ഞു. പത്രപ്രവർത്തനത്തിനും മാനവികതക്കുമെതിരെ നടത്തിയ ഭയാനകമായ കൊലയെ ‘മാധ്യമ ചരിത്രത്തിലെ ഏറ്റവും വലുതും ക്രൂരവുമായ കൂട്ടക്കൊല’ എന്ന് സിൻഡിക്കേറ്റ് വിശേഷിപ്പിച്ചു.

2013 മുതൽ ലോകമെമ്പാടും 900 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രതിവർഷം ശരാശരി 82 പത്രപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും ഇത് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ പകുതിയിൽ താ​ഴേയാണെന്നും യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും പറഞ്ഞു.

മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയവരെ പ്രതിക്കൂട്ടിലാക്കുന്നതിനും ശിക്ഷിക്കുന്നതിനും അവർ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ജേണലിസ്റ്റ് സിൻഡിക്കേറ്റ് ആഹ്വാനം ചെയ്തു. ആക്രമണം തടയാൻ ബാധ്യതയുള്ളതും ശിക്ഷിക്കാൻ കെൽപുള്ളതുമായ നിയമസംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികളും തീരുമാനങ്ങളും കൈക്കൊള്ളണമെന്നും സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു.

ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം അവതരിപ്പിച്ചിട്ടും ഇസ്രായേൽ ഗസ്സയിൽ വിനാശകരമായ ആക്രമണം തുടരുകയാണ്. പ്രാദേശിക  അധികൃതരുടെ കണക്കനുസരിച്ച് 43,300ലധികം ആളുകൾ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 102,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഗസ്സയിലെ സൈനിക നടപടികളുടെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യാ കേസ് നേരിടുന്നുണ്ട്.

Tags:    
News Summary - Journalists killed in Gaza by Israel ‘more than double’ annual global average: Press union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.