കറാച്ചി: 'ഗംഗുബായ് കത്യവാഡി'യിലെ രംഗം ഉചിതമല്ലാത്ത സാഹചര്യത്തിൽ പരസ്യത്തിനായി ഉപയോഗിച്ച കറാച്ചിയിലെ റസ്റ്ററന്‍റിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം.
'ഗംഗുബായ് കത്യവാഡി' എന്ന ചിത്രത്തിൽ കാമാത്തിപുരയിൽ വെച്ച് ഗംഗു എന്ന പെൺകുട്ടി പുരുഷന്മാരെ കൈ നീട്ടി വിളിക്കുന്ന രംഗമാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സ്വിങ് എന്ന റസ്റ്ററന്‍റ് തിങ്കളാഴ്ചകളിൽ പുരുഷന്മാർക്ക് മാത്രമായ് നൽകുന്ന 25 ശതമാനം വിലക്കുറവ് പരസ്യം ചെയ്യുന്നതിനാണ് രംഗം തിരഞ്ഞെടുത്തത്. വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പുറത്തിറങ്ങിയത്. ഇതിനെ രൂക്ഷമായി ചോദ്യം ചെയ്തുകൊണ്ട് നിരവധിപേർ കമന്‍റ് ചെയ്തു. പരസ്യം സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ അനുകൂലിക്കുന്നതാണെന്നും യുക്തിബോധം ഉണ്ടായിരിക്കണമെന്നും ആളുകൾ തുറന്നടിച്ചു.
പണത്തിന് വേണ്ടി സ്വന്തം കാമുകൻ ഗംഗുവിനെ ഒരു വേശ്യാലയത്തിൽ വിൽക്കുകയും പിന്നീട് അവരിലൊരാളായി ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണ് രംഗം. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ത്യൻ അഭിനേത്രി ആലിയ ഭട്ട് ആണ് ഗംഗുബായിയെ അവതരിപ്പിച്ചിരിക്കുന്നത്.
പരസ്യം വിവാദമായതോടെ പരസ്യം നൽകിയതിലുള്ള നിലപാട് സ്വിങ് വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാൻ മനപൂർവം ചെയ്തതല്ലെന്നും ആശയം അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.