ലണ്ടൻ: രാഷ്ട്രത്തിന്റെ നവീകരണത്തിനായി ലേബർ പാർട്ടി ആദ്യദിവസം മുതൽ പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ കെയർ സ്റ്റാർമർ. മാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഒട്ടും സംശയിക്കേണ്ട, ബ്രിട്ടനെ ഞങ്ങൾ അടിമുടി പുനർനിർമിക്കും.-സ്റ്റാർമർ പറഞ്ഞു. 14 വർഷത്തെ കൺസർവേറ്റീ പാർട്ടിയുടെ ഭരണം അവസാനിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ ഇക്കുറി ലേബർ പാർട്ടി അത്യുജ്ജല വിജയം നേടിയത്.
രാജ്യമാണ് ഏറ്റവും പ്രധാനമെന്നും പാർട്ടിക്ക് രണ്ടാം പരിഗണനയേ ഉള്ളൂവെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.
650 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റുകളിലും സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയിച്ചു.
ലണ്ടൻ: 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ലേബർ പാർട്ടിയുടെ തലവനായി 2020ൽ ചുമതലയേൽക്കുമ്പോൾ കെയ്ർ സ്റ്റാർമറുടെ ദൗത്യം ഭാരിച്ചതായിരുന്നു; തുടർ പരാജയങ്ങളിൽനിന്ന് പാർട്ടിയെ കരകയറ്റുക. നാലുവർഷത്തിനിപ്പുറം ആ ലക്ഷ്യം സാക്ഷാത്കരിച്ച അദ്ദേഹം 10 ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കാണ് നടന്നുകയറിയത്. 61കാരനായ കെയ്ർ സ്റ്റാർമറുടെ പുതിയ ചുമതല ബ്രിട്ടനെ നയിക്കുക എന്നതാണ്.
1962ൽ ലണ്ടനുസമീപം സറെയിലെ ഒരു സാധാരണ കുടുംബത്തിലാണ് സ്റ്റാർമർ ജനിച്ചത്. നാഷനൽ ഹെൽത്ത് സർവിസസിൽ ജീവനക്കാരിയായിരുന്നു മാതാവ്. യന്ത്രപ്പണിക്കാരനായിരുന്നു പിതാവ്. ഓക്സ്ഫഡ് സർവകലാശാലയിൽ നിയമ പഠനം പൂർത്തിയാക്കിയ അദ്ദേഹം ദീർഘകാലം അഭിഭാഷകനായി ജോലി ചെയ്തു. പഠനകാലത്ത് സോഷ്യലിസ്റ്റ് ആൾട്ടർനേറ്റിവ് എന്ന പേരിൽ ഇടതുപക്ഷ മാസിക പ്രസിദ്ധീകരിച്ചിരുന്നു. 2008ൽ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറായി. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ വടക്കൻ അയർലൻഡിനുവേണ്ടി കൊണ്ടുവന്ന ഗുഡ് ഫ്രൈഡേ കരാർ കാലത്ത് മനുഷ്യാവകാശ ഉപദേശകനായും പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങിയ സ്റ്റാർമർ 2015ൽ ലണ്ടനിൽനിന്നാണ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അതിവേഗമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.