ഹമാസ്-ഹിസ്ബുല്ല നേതാക്കളെ കൊന്നൊടുക്കുന്നത് അപകടം വർധിപ്പിക്കുമെന്ന് യു.എൻ. സെക്രട്ടറി ജനറൽ

യുനൈറ്റഡ് നേഷൻസ്: 24 മണിക്കൂറിനിടെ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ ആക്രമണങ്ങളെ അപകടം വർധിപ്പിക്കുന്ന നടപടിയെന്ന് വിശേഷിപ്പിച്ച് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്.

സിവിലിയൻമാർക്ക് നാശം സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിനെ മുഴുവൻ സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഏതൊരു നടപടിയും അടിയന്തിരമായി തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യു.എൻ. മേധാവിയെ ഉദ്ധരിച്ച് വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ​ങ്കെടുക്കാനാണ് ഹമാസ് രാഷ്ട്രീയ കാര്യ വിഭാഗം നേതാവ് ഇസ്മാഈൽ ഹനിയ്യ ഇറാനിൽ എത്തിയത്.

ബുധനാഴ്ച രാവിലെ അ​ദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ ഹനിയ്യ കൊല്ലപ്പെടുകയായിരുന്നു. വധത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. അതിനു മുമ്പ് ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടിരുന്നു.

ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചപ്പോൾ ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ മൗനം പാലിച്ചു. ഗസ്സയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാക്കാനും സംഘർഷം രൂക്ഷമാക്കാനും പുതിയ സംഭവവികാസം കാരണമാകുമെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - Killing Hamas-Hezbollah Leaders Will Increase Danger, UN Says Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.