സോൾ: ഉത്തര കൊറിയയുടെ ആണവ ഭീഷണി നേരിടുന്നതിന് ആണവ പ്രതിരോധം ശക്തിപ്പെടുത്താനുള്ള യു.എസ്- ദക്ഷിണ കൊറിയ കരാറിനെതിരെ ഉത്തര കൊറിയ രംഗത്ത്. കരാറിനോടുള്ള മറുപടിയായി കൂടുതൽ പ്രകോപനപരമായ സൈനിക ശക്തിപ്രകടനം നടത്തുമെന്ന് ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു.
അമേരിക്കക്കുനേരെയോ സഖ്യരാജ്യങ്ങൾക്കെതിരെയോ ഉത്തര കൊറിയയുടെ ആണവാക്രമണമുണ്ടായാൽ അത്തരം നടപടി സ്വീകരിച്ച ഭരണകൂടത്തിന്റെ അവസാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനെതിരെ പരിഹാസരൂപേണയാണ് കിം യോ ജോങ് പ്രതികരിച്ചത്.
വാർധക്യത്തിന്റെ അവശതകൾ പേറുന്ന, വളരെ തെറ്റായ കണക്കുകൂട്ടലും നിരുത്തരവാദപരമായ ധൈര്യവുമുള്ള വ്യക്തിയെന്നാണ് അവർ ജോ ബൈഡനെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, വാർധക്യത്തിലുള്ള വ്യക്തിയിൽനിന്നുള്ള അസംബന്ധമായ പരാമർശം എന്ന രീതിയിൽ അതിനെ ഉത്തര കൊറിയ തള്ളിക്കളയില്ല. ഏറ്റവും ശത്രുതാപരമായ എതിരാളിയായ യു.എസ് പ്രസിഡന്റ് വ്യക്തിപരമായി നടത്തിയ ഈ പദപ്രയോഗം ഭീഷണിപ്പെടുത്തുന്ന വാചാടോപമാണ്. കൊടുങ്കാറ്റിനു ശേഷമുള്ള ഒരു വലിയ ദുരന്തത്തിന് അദ്ദേഹം തയാറായിരിക്കണമെന്നും അവർ പറഞ്ഞു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോളുമായി ജോ ബൈഡൻ വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ പ്രതിരോധം ശക്തമാക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്. കരാർ മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്ന് കിം യോ ജോങ് പറഞ്ഞു. തങ്ങളുടെ ആണവായുധ ശേഷി വർധിപ്പിക്കുന്നതിനെ സാധൂകരിക്കുന്നതാണ് ഈ കരാറെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.