ബിഷ്കക്: രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി രാജിവെക്കാൻ തയാറാണെന്ന് കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൺബായ് ജീബെകോ. രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടി എല്ലാ പദവികളിൽ നിന്ന് മാറി നിൽകാമെന്നും ജീബെകോ വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പൊതു തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഈ നടപടികൾ നിലവിലെ രാഷ്ട്രീയ സംഘർഷത്തിന് അയവു വരുത്തുമെന്നും ജീബെകോ പ്രത്യാശ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ജനങ്ങളും തെരുവിലിറങ്ങിയതോടെ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയിരുന്നു.
തലസ്ഥാനമായ ബിഷ്കെക് അടക്കമുള്ള നഗരങ്ങളിലെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ആയിരങ്ങൾ, സർക്കാർ ഒാഫിസുകൾ പിടിച്ചെടുക്കുകയും പ്രസിഡൻറ് ജീബെകോയെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭരണപക്ഷത്തെ അനുകൂലിക്കുന്ന രണ്ട് പാർട്ടികൾക്കായിരുന്നു മേധാവിത്തം. ഇതോടെ തെരഞ്ഞെടുപ്പ് കൃത്രിമം ചൂണ്ടിക്കാട്ടി 12ലധികം പ്രതിപക്ഷ പാർട്ടികളിലെ പ്രവർത്തകർ തെരുവിലിറങ്ങി. പാർലമെന്‍റും പ്രസിഡന്‍റിന്‍റെ ഒാഫിസും അടങ്ങുന്ന കെട്ടിടങ്ങളും പ്രതിഷേധക്കാർ കൈയടക്കി.
പ്രക്ഷോഭത്തെ സുരക്ഷാസേനയെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള സർക്കാർ നീക്കവും പരാജയപ്പെട്ടു. സംഘർഷങ്ങളിൽ ഒരാൾ മരിക്കുകയും 600ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഴിമതി കേസിൽ 11 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ പ്രസിഡന്‍റ് അൽമാസ്ബെക് അതംബയേവിനെ മോചിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.