ലണ്ടൻ: അവസാന സൈനികനും രാജ്യത്തെത്തിയതായി യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതോടെ അഫ്ഗാനിസ്താനിലെ 20 വർഷം നീണ്ട ബ്രിട്ടീഷ് അധിനിവേശത്തിന് അന്ത്യം. ആയിരത്തോളം പേരെയാണ് അവസാന ദിനം കാബൂളിൽനിന്ന് ഒഴിപ്പിച്ചത്.
സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കമുള്ളവരാണ് അവസാന ബ്രിട്ടീഷ് സേന വിമാനങ്ങളിൽ പറന്നത്. ഇതിലുൾപ്പെട്ട അഫ്ഗാനിലെ യു.കെ അംബാസഡർ ലാറി ബ്രിസ്റ്റോ അടക്കമുള്ളവർ ഓക്സ്ഫഡ് ഷെയറിലെ ബ്രിസ് നോർട്ടൻ വ്യോമസേന വിമാനത്താവളത്തിലിറങ്ങി.
യു.കെ പൗരന്മാരും അഫ്ഗാനികളുമടക്കം 15,000ത്തിലേറെ പേരെയാണ് ദൗത്യത്തിൻെറ ഭാഗമായി ഒഴിപ്പിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരെയും ഒഴിപ്പിച്ചു. യു.കെയിലേക്ക് വരാനിരുന്ന 1,100 അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ഇത്തരത്തിൽ മടങ്ങാനായിരുന്നില്ല ബ്രിട്ടൻ ആഗ്രഹിച്ചതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
യു.എസ് 2000 പേരെക്കൂടിഒഴിപ്പിച്ചു
വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ നിന്ന് 2000 പേരെക്കൂടി ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ്. 11 യു.എസ് സേന വിമാനങ്ങളിലും ഏഴ് സഖ്യസേന വിമാനങ്ങളിലുമായാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. ആഗസ്റ്റ് 14 മുതൽ ഇതുവരെ 1,13,500 പേരെ ഒഴിപ്പിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു. കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 13 യു.എസ് സൈനികർക്ക് പ്രസിഡൻറ് ജോ ബൈഡൻ ആദരാഞ്ജലി അർപ്പിച്ചു.
ബംഗ്ലാദേശിൽ താലിബാൻ സാന്നിധ്യമില്ല –ആഭ്യന്തര മന്ത്രി
ധാക്ക: രാജ്യത്ത് താലിബാൻെറയോ മറ്റു ചെറുഭീകര സംഘങ്ങളുടെയോ സാന്നിധ്യമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ കമാൽ പറഞ്ഞു. താലിബാൻെറ വിജയം രാജ്യത്ത് ഭീകരസംഘങ്ങൾക്ക് പ്രോത്സാഹനമാകുമെന്ന ആശങ്കകൾ അദ്ദേഹം തള്ളിക്കളഞ്ഞു. താലിബാൻ വിജയം ബംഗ്ലാദേശ് ഉൾപ്പെടെ ഉപഭൂഖണ്ഡത്തിൽ തീവ്രവാദത്തിൻെറ പുതിയ തരംഗം തീർക്കുമെന്ന് ധാക്ക പൊലീസ് കമീഷണർ മുഹമ്മദ് ശഫീഖുൽ ഇസ്ലാമിൻെറ പ്രസ്താവനക്ക് പിറകെയാണ് മന്ത്രിയുടെ വിശദീകരണം.
നാടോടി ഗായകൻ കൊല്ലപ്പെട്ടു
കാബൂൾ: ദുരൂഹ സാഹചര്യത്തിൽ താലിബാൻ സൈനികൻെറ വെടിയേറ്റ് അഫ്ഗാൻ നാടോടി ഗായകൻ കൊല്ലപ്പെട്ടതായി കുടുംബം അറിയിച്ചു. ഗായകനും ഗിചക് വാദകനുമായ ഫവാദ് അന്ദറാബിയാണ് ബഗ്ലാൻ പ്രവിശ്യയിലെ അന്ദറാബിയിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. നേരത്തേ അന്ദറാബിയുടെ വീട്ടിലെത്തിയ താലിബാൻ സംഘം പരിശോധന നടത്തുകയും അദ്ദേഹത്തിനൊപ്പം ചായ കുടിക്കുകയും ചെയ്തിരുന്നതായി മകൻ ജവാദ് അന്ദറാബി പറഞ്ഞു. എന്നാൽ, വെള്ളിയാഴ്ച എന്തോ മാറ്റം സംഭവിച്ചു. അദ്ദേഹത്തെ കൃഷിയിടത്തിൽ വെച്ച് വെടിവെച്ചു. തനിക്ക് നീതി വേണം. പിതാവിൻെറ ഘാതകരെ ശിക്ഷിക്കുമെന്ന് പ്രാദേശിക താലിബാൻ കൗൺസിൽ ഉറപ്പ് നൽകിയതായി ജവാദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു.
19 പേർ ക്രൊയേഷ്യയിലെത്തി
സബർഗ്: അഫ്ഗാനിൽനിന്ന് ഒഴിപ്പിച്ച 19 പേർ രാജ്യത്തെത്തിയതായി ക്രൊയേഷ്യൻ പൊലീസ് അറിയിച്ചു. 10 കുട്ടികളുൾപ്പെടെ മൂന്നു കുടുംബങ്ങളാണ് ശനിയാഴ്ച വൈകീട്ട് എത്തിയത്. കാബൂളിൽ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.