'സാഹോദര്യവും സമാധാനവും പുലരട്ടെ'; മാർപ്പാപ്പയുടെ ഇറാഖിലെ ചരിത്രസംഗമത്തിന്​ പരിസമാപ്തി

എർബിൽ: സാഹോദര്യവും സമാധാനവും പുലരട്ടെയെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാ‍പ്പയുടെ ഇറാഖിലെ ചരിത്രസംഗമത്തിന്​ പരിസമാപ്തി. കുർദ്ദിസ്ഥാൻ തലസ്ഥാനമായ എർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ നടന്ന പരിശുദ്ധ ഖുർബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളിൽ പരസ്പര സാഹോദര്യത്തോടെ ജീവിക്കാൻ കഴിയണമെന്നും സാഹോദര്യവും സഹാനുഭൂതിയുമാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യമെന്നും മാർപ്പാപ്പ തന്‍റെ പ്രസംഗത്തിൽ ജനങ്ങളെ ഉണർത്തി.

പരിപാടികൾ അവസാനിക്കുന്നതോടെ താൻ റോമിലേക്ക് മടങ്ങുകയാണെങ്കിലും ഇറാഖ് എന്‍റെ ഹൃദയത്തിൽ എന്നും അവശേഷിക്കുമെന്ന് പോപ്പ് പറഞ്ഞു. സമാ‍ധാനം പുലരുന്ന ലോകത്തിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കണം.

കൈ ചെളിയാക്കിയാണെങ്കിലും ഹൃദയം ശുദ്ധമാക്കി വിശുദ്ധിയോടെ ജീവിക്കണം. രൂപത്തിലും ഭാവത്തിലുമല്ല, ഉത്തരവാദിത്വബോധം തോന്നുമ്പോഴാണ് മറ്റുള്ളവരുടെ വേദനകൾ അറിയാൻ സാധിക്കുന്നതെന്നും അങ്ങനെ കണ്ണീരൊപ്പണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.


മൂസിൽ നഗരത്തിലെ ക്രിസ്ത്യൻ മേഖലകൾ, പ്രധാന ആരാധനാലങ്ങൾ എന്നിവിടങ്ങളിൽ പോപ്പ് സന്ദർശിച്ചു. യുദ്ധത്തിൽ മരിച്ചവർക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു. സംഘർഷത്തേക്കാൾ സാഹോദര്യമാണ്​ കാലത്തിന്‍റെ തേട്ടമെന്ന്​ മാർപ്പാപ്പ മൂസിലിൽ അഭിപ്രായപ്പെട്ടു. മൂസിൽ സന്ദർശന ശേഷം പോപ്പ് വേദനയോടെയാണ് മടങ്ങിയത്. യുദ്ധം തകർത്ത അവശിഷ്​ടനഗരിയിൽ തകർക്കപ്പെട്ട ആരാധനാലങ്ങളും ഛേദിക്കപ്പെട്ട കന്യാമറിയത്തിന്‍റെ പ്രതിമകളും കണ്ടത് പോപ്പിനെ അതീവ ദുഃഖത്തിലാഴ്ത്തി.

മൊസൂൾ വിട്ടുപോയ എല്ലാ ക്രിസ്തുമത വിശ്വാസികൾക്കും സമാധാനത്തോടെ തിരിച്ചുവരാമെന്ന് മൊസൂ‍ൾ ഭരണാധികാരികൾ അറിയിച്ചു. മൊസൂൾ സന്ദർശനത്തിലൂടെ ഇറാഖ് യുദ്ധത്തിലും ഐസിസ് ആക്രമണങ്ങൾക്കും മൊസൂൾ നൽകിയ വിലയെത്രയാണെന്ന് പോപ്പ് വിലയിരുത്തണമെന്ന് നീനവ ഗവർണർ നജം അൽ ജബൂരി ആവശ്യപ്പെട്ടു. മൊസൂൾ ആർച്ച് ബീഷപ്പ് നജീബ് മൈക്കൽ പോപ്പിനെ അനുഗമിച്ചു.

രാവിലെ എർബിൽ ഇന്‍റർനാഷനൽ എയർപ്പോട്ടിലെത്തിയ മാർപ്പാപ്പയെ കുർദ്ദിസ്ഥാൻ പ്രസിഡന്‍റ്​ നജിർവാൻ ബർസാനി, മുൻ പ്രസിഡന്‍റ്​ മസ്ഊദ് ബർസാനി, മറ്റു രാഷ്​ട്രീയ പ്രമുഖരും ചേർന്ന് സ്വീകരിച്ചു. സംവാദവും സമാധാനവും എന്നും പ്രോത്സാഹിപ്പിച്ച നാടാണ്​ കുർദ്ദിസ്ഥാൻ എന്ന് പ്രസിഡന്‍റ്​ ഉടനെ ട്വീറ്റ് ചെയ്തു. കുർദ്ദിസ്ഥാൻ എന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണെന്നും ക്രിസ്ത്യാനികൾ എന്നും കുർദ്ദിസ്ഥാൻ ജനവിഭാഗത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി അവശേഷിക്കുമെന്നും പ്രസിഡന്‍റ്​ നെജിർവാൻ ബർസാനി പോപ്പിനെ അറിയിച്ചു.

ഒലീവ് ചില്ലകൾ ആട്ടിയും പരമ്പരാഗത വേശം ധരിച്ചുമെത്തിയാ‍ണ് കുർദ്ദുകൾ പോപ്പിനെ വരവേറ്റത്. എർബിലിലെ പ്രധാന തെരുവുകളായ ഗുലാൻ സ്​ട്രീറ്റ്, 60 മീറ്റർ അങ്കാവ എന്നിവിടങ്ങളും മാർപാപ്പ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ ഇറാഖ് സന്ദർശനം പൂർത്തിയാക്കി മാർപ്പാപ്പ റോമിലേക്ക് മടങ്ങും.

Tags:    
News Summary - ‘Let there be brotherhood and peace’; Pope concludes historic meeting in Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.