ലിസ് ട്രസ് ഇന്ത്യയുടെ സുഹൃത്ത്

ലണ്ടൻ: യു.കെയും ഇന്ത്യയുമായി തന്ത്രപരവും സാമ്പത്തികവുമായ ആഴത്തിലുള്ള ബന്ധം ലിസ് ട്രസിന്റെകൂടി ശ്രമഫലമാണ്. കഴിഞ്ഞ വർഷം മേയിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സർക്കാറും ഇന്ത്യയുമായുള്ള വ്യാപാര വിപുലീകരണ ഉടമ്പടിയിൽ ഒപ്പുവെച്ചത് അന്ന് അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായിരുന്ന ട്രസ് ആണ്. ഇത് പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ കൂടിയാലോചനകൾക്ക് തുടക്കംകുറിച്ചു.

47കാരിയായ മുതിർന്ന കാബിനറ്റ് മന്ത്രി ഇന്ത്യ സന്ദർശിക്കുകയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ഓൺലൈൻ ചർച്ചകൾ നടത്തുകയും ചെയ്തു. സാമ്പത്തിക-നിയമ സേവനങ്ങൾ, ഡിജിറ്റൽ, ഡേറ്റ, ചരക്ക്, കൃഷി തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്ര വ്യാപാര കരാറിനാണ് ശ്രമമെന്നാണ് അന്ന് ട്രസ് വ്യക്തമാക്കിയത്.

ട്രസ് വിദേശകാര്യ മന്ത്രിയായപ്പോൾ ആനി മേരി ട്രെവെലിയൻ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായി. പ്രധാനമന്ത്രിപദ മത്സരത്തിനിടെ കൺസർവേറ്റിവ് പാർട്ടിയുടെ കൺസർവേറ്റിവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന പ്രവാസിസംഘത്തിന്റെ സംവാദത്തിൽ ഇന്ത്യ-യു.കെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ട്രസ് ആവർത്തിച്ചു.

റഷ്യയുടെയും ചൈനയുടെയും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശ സെക്രട്ടറി എന്ന നിലയിൽ ഇന്തോ-പസഫിക് മേഖലയുമായുള്ള പ്രതിരോധ, സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകിയിരുന്നു. റഷ്യ, ചൈന ഭീഷണിക്കെതിരെ നാറ്റോ, ആസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ഇസ്രായേൽ തുടങ്ങിയ പങ്കാളികളുമായി ചേർന്ന് 'ആഗോള സ്വാതന്ത്ര്യ ശൃംഖല' കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുന്നതായി ട്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.കെയിൽ ജനിച്ച സുനക് തന്റെ കുടിയേറ്റവും ഇന്ത്യൻ പൈതൃകവുമാണ് പ്രചാരണ വിഷയമാക്കിയത്.

സുനക് ബ്രെക്‌സിറ്റിനെ അനുകൂലിച്ചപ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരുന്നതിന് വോട്ട് ചെയ്ത ഒരാളായിരുന്നു ട്രസ്. ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി വിദ്യാർഥി സംഘടനായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ലിബറൽ ഡെമോക്രാറ്റ്സ് പ്രസിഡന്റ് സ്ഥാനവും ട്രസിന് ഭാരമായിരുന്നു.

ചരിത്രത്തിലിടംനേടും ചടങ്ങുകൾ

ലണ്ടൻ: 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാരചരിത്രത്തിൽ 14 പേരെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിലായിരുന്നു. എന്നാൽ, ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡിലെ ബാൽമോറിൽ ചടങ്ങുകൾ നടക്കുക.

കാരണം സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെവെച്ച് പ്രധാനമന്ത്രിയെ ഔദ്യോഗികമായി നിയമിക്കും. പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകീട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക.

ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസിന്റെ രാജിയും ചൊവ്വാഴ്ച വിടവാങ്ങൽ പ്രസംഗവും ഇവിടെയാകും. പ്രധാന കാബിനറ്റ് പദവികൾ ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതീക്ഷിക്കുന്ന നടപടികൾ

ലണ്ടൻ: ദിവസങ്ങൾക്കുള്ളിൽ ചില കടുത്ത നടപടികൾ പ്രതീക്ഷിക്കുന്നു. താഴ്ന്ന നിലയിലുള്ള വീടുകളെ ലക്ഷ്യമിട്ട് ഋഷി സുനക്കിന്റെ ചില സഹായപദ്ധതികൾ ട്രസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. സുനകിന്റെ നികുതി വർധന പിൻവലിക്കുമെന്നത് ഉറപ്പാണ്. രാജ്യത്തിന്റെ കുതിച്ചുയരുന്ന പണപ്പെരുപ്പം വരുതിയിലാക്കാൻ നികുതിയിളവ് പരിഹാരമല്ലെന്ന് സുനക് വാദിച്ചപ്പോൾ, കുറഞ്ഞ നികുതി വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ട്രസ്. ചരിത്രപരമായി കുറഞ്ഞ നികുതിയെയാണ് കൺസർവേറ്റിവ് പാർട്ടി അനുകൂലിക്കുന്നത്.

Tags:    
News Summary - Liz Truss is a friend of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.