ബ്രിട്ടനിൽ കറുത്ത വംശജരെ ഉന്നത മന്ത്രിസ്ഥാനങ്ങളിൽ നിയമിച്ച് ചരിത്രം കുറിച്ച് ലിസ് ട്രസ്

ലണ്ടൻ: ബ്രിട്ടനിലെ പുതിയ ലിസ് ട്രസ് സർക്കാരിൽ ഉന്നത മന്ത്രി പദവികളിൽ നിന്ന് വെള്ളക്കാർ പുറത്ത്. സുപ്രധാന കാബിനറ്റ് പദവികളിൽ കറുത്ത വംശജരെ നിയമിച്ചാണ് ലിസ് ചരിത്രം കുറിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവരുന്നത്.

ധനകാര്യ സെക്രട്ടറിയായി ക്വാസി കെവാർടെങിനെയാണ് നിയമിച്ചത്. 1960കളിൽ ഘാനയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.

ജെയിംസ് ക്ലെവെർലി ആണ് വിദേശ കാര്യ സെക്രട്ടറി. സിയറ ലിയോണിൽ നിന്നാണ് ക്ലെവെർലിയുടെ അമ്മ ബ്രിട്ടനിലെത്തിയത്. പിതാവ് വെള്ളക്കാരനാണ്. ഇതോടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനായി ക്ലെവെർലി.

​ഇന്ത്യൻ വംശജയായ സുയെല്ല ബ്രവർമാൻ ആണ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്. കെനിയയിൽ നിന്നും മൗറീഷ്യസിൽ നിന്നുമാണ് സുയെല്ലയുടെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് കുടിയേറിയത്. പ്രീതി പട്ടേലി​നു ശേഷം ആഭ്യന്തസെക്രട്ടറിയാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് ഇവർ. പൊലീസ്, കുടിയേറ്റം എന്നിവയുടെ ചുമതലയാണ് സുയെല്ലക്ക്.

ഒരു കാലത്ത് വെള്ളക്കാരായിരുന്നു ബ്രിട്ടീഷ് മന്ത്രിസഭകളിൽ ഉണ്ടായിരുന്നത്. 2002ൽ പോൾ ബോയെട്ടിങ് ട്രഷറി സെക്രട്ടറിയായി നിയമിതനായതോടെയാണ് ഈ കീഴ്വഴക്കത്തിന് മാറ്റം വന്നത്. പിന്നീട് ഇന്ത്യൻ വംശജനായ റിഷി സുനക് ധനകാര്യ സെക്രട്ടറിയായി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ ലിസ് ട്രസിന്റെ ശക്തനായ എതിരാളിയായിരുന്നു സുനക്.

മന്ത്രിസഭയിൽ മാറ്റം വന്നെങ്കിലും ബ്രിട്ടനിലെ ബിസിനസ്, ജുഡീഷ്യറി, സിവിൽ സർവീസ്, സൈനിക മേഖലകളിൽ ഇപ്പോഴും വെള്ളക്കാരുടെ ആധിപത്യം തന്നെയാണ്. ആറുശതമാനം മാത്രമാണ് കൺസർവേറ്റീവ് പാർട്ടിക്ക് പാർല​മെന്റിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും വനിതകളിൽ നിന്നുമുള്ള പ്രാതിനിധ്യം. 1868ൽ ജൂതമതക്കാരനായ ബെഞ്ചമിൻ ഡിസ്രായേലിയെ പ്രധാനമന്ത്രിയാക്കിയ ചരിത്രവുമുണ്ട് കൺസർവേറ്റീവ് പാർട്ടിക്ക്. രണ്ടു തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്. കൺസർവേറ്റീവ് പാർട്ടിയെ ആധുനികവത്കരിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.

മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരുടെ പിൻഗാമിയായി എത്തുന്ന ബ്രിട്ടനിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മൂന്നുപേരും കൺസർവേറ്റീവ് പാർട്ടിക്കാരാണ് എന്നതും ശ്രദ്ധേയം. 2019ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോഴും മന്ത്രിസഭയിൽ വൈവിധ്യം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ ആണ് ഈ മാറ്റങ്ങളുടെ സൂത്രധാരൻ.

Tags:    
News Summary - Liz Truss's cabinet is britain's first without white man In top jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.