പാരിസ്: യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയതിനു പിന്നാലെ ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജൂൺ 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ 7നും നടക്കും.
കഴിഞ്ഞ വാരാന്ത്യത്തിൽനടന്ന ഇ.യു തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടു നേടിയാണ് വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷത്തിലെത്തിയത്. ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റിനൈസൻസ്‍ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ ലെജിസ്ലേറ്റിവ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടിരുന്നു. മാക്രോണിനു പുറമെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ എന്നിവരുടെ പാർട്ടികൾ തോൽവി ഏറ്റു വാങ്ങിയപ്പോൾ തീവ്ര വലതുപക്ഷ പാർട്ടികൾ കാര്യമായ നേട്ടമുണ്ടാക്കി.
ഒന്നും സംഭവിക്കാത്തത് പോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മാക്രോൺ ഞായറാഴ്ച രാത്രി തന്റെ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോൺ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.