മഡഗാസ്കർ: മഡഗാസ്കറിലെ അന്‍റാനാനറിവോ സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏഴ് കുട്ടികളുൾപ്പടെ 13 പേർ മരിക്കുകയും 107 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 50,000 ത്തോളം കാണികൾ എത്തിയ ബരിയ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് തിക്കും തിരക്കും ഉണ്ടായത്.
'കവാടത്തിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നെന്ന്' റെഡ് ക്രോസിന്റെ കമ്മ്യൂണിക്കേഷൻസ് മാനേജർ ആന്റ്സ മിറാഡോ പറഞ്ഞു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. തിക്കിലും തിരക്കിലും പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സെപ്റ്റംബർ 3 വരെ മഡഗാസ്കറിൽ നടക്കുന്ന ഒരു മൾട്ടി ഡിസിപ്ലിനറി മത്സരമാണ് ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ്. തെക്ക്-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപുകളിൽ ഏകദേശം 40 വർഷമായി ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ് അരങ്ങേറുന്നു. നാല് വർഷം കൂടുമ്പോഴാണ് ഇത് നടക്കുന്നത്. മൗറീഷ്യസിലാണ് കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ് നടന്നത്.
അന്‍റാനാനറിവോ സ്റ്റേഡിയത്തിലെ മരണങ്ങൾ മഡഗാസ്‌കറിന് അപരിചിതമല്ല. ഏകദേശം 28 ദശലക്ഷത്തോളം നിവാസികളുള്ള ദ്വീപിലെ ഏറ്റവും വലിയ ബരിയ സ്റ്റേഡിയം 2019ലും സമാനമായ ദുരന്തം നേരിട്ടിരുന്നു. രാജ്യത്തിന്‍റെ ദേശീയ അവധി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ 16 പേർ മരിക്കുകയും ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 2016-ൽ ഇതേ ബരിയ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.