ടോക്യോ: ജപ്പാനിൽ തുടരെ തുടരെ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് സൂനാമി മുന്നറിയിപ്പും നൽകി. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജപ്പാനീസ് മാധ്യമമായ എന്‍.എച്ച്.കെ റിപ്പോര്‍ട്ട് ചെയ്തു. 90 മിനിറ്റിനുള്ളിൽ 21തവണ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. പ്രാദേശിക സമയം 4.10നാണ് ഏറ്റവും ഒടുവിൽ ഭൂചലനമുണ്ടായത്.
സൂനാമി മുന്നറിയിപ്പിനെ തുടർന്ന് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. ജപ്പാനിലെ തീരദേശമേഖലകളായ നൈഗാട്ട, ടൊയാമ, ഇഷിക്കാവ എന്നിവിടങ്ങളിലാണ് സൂനാമി മുന്നറിയിപ്പ്. സൂനാമിയെ തുടർന്ന് കടലിലെ ജലനിരപ്പ് അഞ്ചു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജാപ്പനീസ് കലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം.
ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. ആണവനിലയങ്ങളില്‍ എന്തെങ്കിലും തകരാറുകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ലോകത്ത്ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011ലുണ്ടായ ഭൂചലനത്തിൽ ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.
അപകടകരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ജപ്പാനിലെ ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.