ബമാക: മാലിയിൽ പ്രസിഡൻറ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പട്ടാളം അധികാരം പിടിച്ചതായി പ്രഖ്യാപിച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേണൽ അസീമി ഗോയ്റ്റയാണ് ഒരു വർഷത്തിനിടെ രണ്ടാം തവണയും രാജ്യത്ത് പട്ടാള അട്ടിമറിയിലൂടെ അധികാരമേറുന്നത്.
പ്രസിഡൻറ് ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്ത് പട്ടാള ക്യാമ്പിലേക്ക് മാറ്റിയത്. തലസ്ഥാന നഗരമായ ബമാകയിൽനിന്ന് 15 കിലോമീറ്റർ അകലെ കാറ്റിയിലെ സൈനിക ആസ്ഥാനത്ത് കസ്റ്റഡിയിൽ കഴിയുന്ന ഇവരെ കുറിച്ച് സൂചനകളില്ല.
അറസ്റ്റിന് ഒരു ദിവസം കഴിഞ്ഞാണ് അധികാരം പിടിക്കുകയാണെന്നും ഒരു വർഷം കഴിഞ്ഞ് 2022ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും അസീമി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച മുൻ പ്രസിഡൻറിനെ കഴിഞ്ഞ ആഗസ്റ്റിൽ പുറത്താക്കി അധികാരം പിടിച്ച അസീമിയുടെ പുതിയ പ്രഖ്യാപനം വിശ്വസിക്കാനാവില്ലെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
പട്ടാളം അമിതാധികാരം പ്രയോഗിക്കുന്ന രാജ്യത്ത് പുതിയ പ്രസിഡൻറ് തെൻറ മന്ത്രിസഭയിൽ നിന്ന് രണ്ട് സൈനിക പ്രതിനിധികളെ മാറ്റിനിർത്തിയതാണ് പുതിയ അട്ടിമറിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 120 കോടി ഡോളർ ചെലവിട്ട് യു.എൻ സമാധാന സേനയുടെ സാന്നിധ്യവും മാലിയുടെ സവിശേഷതയാണ്. ഫ്രാൻസിെൻറ മുൻ കോളനിയായിരുന്ന ഇവിടെ യൂറോപ്യൻ ശക്തി ഇപ്പോഴും കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. പുതിയ നീക്കം സൈനിക അട്ടിമറിയാണെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഫ്രാൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.