ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ വീണ്ടും കൂട്ടമായി ആട്ടിപ്പായിക്കാനൊരുങ്ങി ഇസ്രായേൽ. തെക്കൻ വെസ്റ്റ് ബാങ്കിലെ മസാഫിർ യത്തയിൽ ആയിരത്തി ഇരുനൂറോളം ഫലസ്തീനികളാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയോടെ സ്വന്തം വീടുകളിൽനിന്ന് ആട്ടിയോടിക്കപ്പെടുക.
പട്ടാള പരിശീലന മേഖലയായി പ്രഖ്യാപിച്ചാണ് മസാഫിർ യത്തയിലെ 7,400 ഏക്കർ ഭൂമിയിലെ ഫലസ്തീനികളോട് 1980കളിൽ ഇസ്രായേൽ കൊടുംക്രൂരതക്കിറങ്ങിയത്. വിഷയം കോടതിയിലെത്തിയതിനെത്തുടർന്ന് ഇടക്കാല സ്റ്റേ വന്നെങ്കിലും കഴിഞ്ഞ ദിവസം ഇസ്രായേൽ സുപ്രീംകോടതി ഫലസ്തീനികളെ ഇറക്കിവിടാൻ അനുമതി നൽകുകയായിരുന്നു. 1967നുശേഷം ഏറ്റവും വലിയ ഫലസ്തീനി കുടിയൊഴിപ്പിക്കലാണ് പ്രദേശത്ത് നടപ്പാക്കപ്പെടുക.
നാട്ടുകാർ വിസമ്മതിക്കുന്നതിനാൽ സംഘർഷസാഹചര്യം നിലനിൽക്കുകയാണ്. പട്ടാളപരിശീലനത്തിന്റെ പേരിൽ ജൂത കുടിയേറ്റ വീടുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു. തെക്കൻ ഹെബ്രോൺ മലനിരകളിൽ കാലങ്ങളായി കഴിഞ്ഞുവരുന്ന കുടുംബങ്ങൾക്കുനേരെയാണ് ഇസ്രായേൽ കടുംകൈ. യു.എന്നും യൂറോപ്യൻ യൂനിയനും രംഗത്തെത്തിയിട്ടും പ്രദേശവാസികളല്ലെന്നു പറഞ്ഞ് ഫലസ്തീനികളെ ആട്ടിപ്പായിക്കാനാണ് ഇസ്രായേൽ കരുക്കൾ നീക്കുന്നത്. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് ഏറ്റവുമൊടുവിൽ കോടതിയുടെ അംഗീകാരം നേടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വെസ്റ്റ് ബാങ്കിൽ മൂന്നിൽരണ്ട് ഭാഗത്തും നിലവിൽ ഫലസ്തീനികൾക്ക് കെട്ടിട നിർമാണത്തിന് ഇസ്രായേൽ അനുമതി നിഷേധിക്കുകയാണ്. ഏരിയ-സി എന്ന് വേർതിരിച്ചാണ് ഫലസ്തീനികൾക്ക് മാത്രം അനുമതി നിഷേധിക്കുന്നത്. ഏരിയ-സിയിൽ 30 ശതമാനം ഭൂമിയും സൈനിക പരിശീലന കേന്ദ്രങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.